കോട്ടയത്ത് കസ്റ്റഡിയിലെടുത്തയാൾ സ്‌റ്റേഷനിലെ ശുചിമുറിയിൽ തൂങ്ങി മരിച്ചു - കർശന നടപടിയെന്ന് ബെഹ്റ

Webdunia
ചൊവ്വ, 21 മെയ് 2019 (14:18 IST)
മദ്യപിച്ച് ബഹളം വച്ചതിന് പൊലീസ് കസ്‌റ്റഡിയിലെടുത്തയാൽ സ്‌റ്റേഷൻ ശുചിമുറിയിൽ തൂങ്ങി മരിച്ച നിലയിൽ. മണർകാട് സ്വദേശി നവാസ് ആണ് മരിച്ചത്. കോട്ടയം മണർകാട് പൊലീസ് സ്‌റ്റേഷനിലാണ് സംഭവം.

ശുചിമുറിയുടെ ജനാലയില്‍ തൂങ്ങിയ നിലയിലാണു മൃതദേഹം. കോടതിയില്‍ കൊണ്ടുപോകുന്നതിനു തൊട്ടു മുമ്പാണ്  ആത്മഹത്യ. പൊലീസിനു വീഴ്ചയുണ്ടായോ എന്നു സ്പെഷല്‍ ബ്രാഞ്ച് ഡിവൈഎസ്പി അന്വേഷിക്കും. രാവിലെ 9 മണിക്കാണ് സംഭവം നടന്നത്. സ്റ്റേഷനിലെ സിസിടിവി കേന്ദ്രീകരിച്ചാകും അന്വേഷണം.

കോടതിയിൽ പോകുന്നതിന് മുമ്പ് ബാത്ത്‌റൂം ഉപയോഗിക്കണമെന്ന് നവാസ് ആവശ്യപ്പെട്ടു. അരമണിക്കൂർ കഴിഞ്ഞിട്ടും നവാസ് തിരികെ വരാഞ്ഞതിനാൽ വാതിൽ തള്ളിത്തുറക്കുമ്പോൾ തൂങ്ങിയ നിലയിൽ കണ്ടെത്തുകയായിരുന്നു. ഉടന്‍ തന്നെ കോട്ടയം മെഡിക്കൽ കോളേജിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

കസ്റ്റഡി മരണം നടന്ന സാഹചര്യത്തില്‍ ബന്ധപ്പെട്ട പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിക്ക് ഡിജിപി ലോക്‍നാഥ് ബെഹ്‌റ നിര്‍ദ്ദേശം നല്‍കി. എറണാകുളം റേഞ്ച് ഐ.ജിക്കും കോട്ടയം ജില്ലാ പോലീസ് മേധാവിയ്ക്കുമാണ് നിര്‍ദ്ദേശം നല്‍കിയത്. മനുഷ്യാവകാശ കമ്മീഷന്‍ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് മജിസ്‌ട്രേറ്റ് തല അന്വേഷണം നടത്തുമെന്നും ഡിജിപി അറിയിച്ചു.

ഇന്നലെ രാത്രിയാണ് നവാസിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. മദ്യപിച്ചെത്തി വീട്ടുകാരെ മർദ്ദിച്ചുവെന്ന പരാതിയെതുടർന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. സ്റ്റേഷനിൽ മരണം നടന്നത് പൊലീസ് ഒളിപ്പിച്ചുവച്ചു എന്ന ആരോപണം ഉയരുന്നുണ്ട്. സംഭവത്തിൽ ദുരൂഹത ആരോപിച്ച് നാട്ടുകാർ രംഗത്ത് വന്നു.

അനുബന്ധ വാര്‍ത്തകള്‍

Next Article