നേതാക്കൾ പരസ്‌പരം പുകഴ്‌ത്തിക്കോളൂ, പക്ഷേ ജനം അംഗീകരിക്കില്ല: കോൺഗ്രസ് നേതൃത്വത്തിനെതിരെ വിമർശനവുമായി കൂടുതൽ നേതാക്കൾ

വെള്ളി, 18 ഡിസം‌ബര്‍ 2020 (12:17 IST)
കെ‌പിസിസി രാഷ്ട്രീയകാര്യസമിതിയിൽ നേതൃത്വത്തിനെതിരെ കടുത്ത വിമർശനം. സംഘടനാപരമായ പാളിച്ചകളാണ് പരാജയത്തിന് കാരണമെന്ന് നേതാക്കൾ പറഞ്ഞു. പരാജയം മറച്ചുവെച്ചത് കൊണ്ട് കാര്യമില്ലെന്നും തോൽവി അംഗീകരിക്കാനുള്ള സുതാര്യതയാണ് സമിതിക്കുള്ളില്‍ വേണ്ടെന്ന് നേതാക്കള്‍ ആവശ്യമുന്നയിച്ചു.
 
അതേസമയം അരോചകമായ വാര്‍ത്താസമ്മേളനങ്ങളല്ലാതെ കെപിസിസി എന്തുചെയ്തുവെന്ന് ഷാനിമോൾ ഉസ്‌മാൻ വിമർശിച്ചു.നേതാക്കള്‍ പരസ്പരം പുകഴ്ത്തിക്കോളൂ എന്നാല്‍ പ്രവര്‍ത്തകര്‍ അംഗീകരിക്കില്ല. ജനം ചോദ്യം ചെയ്യുന്ന സാഹചര്യം വന്നേക്കാമെന്നും ഷാനിമോള്‍ ഉസ്മാന്‍ തുറന്നടിച്ചു.
 
2015ൽ നിന്നും പത്ത് പഞ്ചായത്തുകൾ കൂടുതൽ കിട്ടിയെന്ന മുല്ലപ്പള്ളിയുടെ അഭിപ്രായത്തിന് അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിലും പത്ത് സീറ്റ് കൂടുതല്‍ കിട്ടിയാല്‍ മതിയോ എന്നായിരുന്നു പിസി വിഷ്‌ണുനാഥിന്റെ മറുചോദ്യം.ഇത്തരത്തിലാണ് കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനമെങ്കില്‍ ആറ് മാസം കഴിയുമ്പോള്‍ നിയമസഭാ തിരഞ്ഞെടുപ്പിന്റെ പരാജയം ചര്‍ച്ച ചെയ്യാന്‍ ഇതുപോലെ യോഗം ചെയ്യാമെന്ന് വിഡി സതീശനും പരിഹസിച്ചു.
 
അതേസമയം തിരഞ്ഞെടുപ്പുപ്രവര്‍ത്തനത്തിന്റെ പേരില്‍ നടന്നത് ഗ്രൂപ്പുകളി മാത്രമാണെന്നു പി.ജെ. കുര്യന്‍ ആരോപിച്ചു. കോൺഗ്രസിൽ താഴെത്തട്ടുമുതല്‍ അഴിച്ചുപണി കൂടിയേതീരൂവെന്നു കെ. സുധാകരന്‍ അഭിപ്രായപ്പെട്ടു.അതേസമയം രാഷ്ട്രിയകാര്യ സമിതിയിലെ വിമര്‍ശനങ്ങള്‍ സ്വാഭാവികമാണെന്ന് കെപിസിസി നേതാവ് കെ മുരളീധരന്‍ പ്രതികരിച്ചു. വിമര്‍ശനങ്ങളാണ് പാര്‍ട്ടിയെ മുന്നോട്ട് നയിക്കുന്നതെന്നും മുരളീധരൻ പറഞ്ഞു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍