തദ്ദേശ തെരഞ്ഞെടുപ്പിലെ കനത്ത തോൽവിയ്ക്ക് പിന്നാലെ കെ മുരളീധരനെ കോൺഗ്രസിന്റെ നേതൃസ്ഥാനത്ത് എത്തിയ്ക്കണം എന്നാവശ്യപ്പെട്ട് കോഴിക്കോട് നഗരത്തിൽ ഫ്ലക്സ്. കെ മുരളീധരനെ വിളിയ്ക്കു കോൺഗ്രസ്സിനെ രക്ഷിയ്ക്കു എന്ന് എഴുതിയ ഫ്ലക്സാണ് കോഴിക്കോട് നഗരത്തിൽ ഉയർന്നിരിയ്ക്കുന്നത്. പരാജയത്തിന് പിന്നാലെ കോൺഗ്രസ് സംസ്ഥാന നേതൃത്വം പ്രതിരോധത്തിൽ നിൽക്കുമ്പോഴാണ് മുൻ കെപിസിസി പ്രസിഡന്റിനെ അനുകൂലിച്ച് ഫ്ലക്സ് പ്രത്യക്ഷപ്പെട്ടിരിയ്ക്കുന്നത്. കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനെ ലക്ഷ്യംവയ്ക്കുന്നതാണ് ഫ്ലക്സിന്റെ ഉള്ളടക്കം.
'കേരളത്തിലെ കോൺഗ്രസ്സിനെ രക്ഷിയ്ക്കുവാൻ കരുത്തുറ്റ തീരുമാനങ്ങൾ എടുക്കാൻ കഴിവുള്ള കെ മുരളിധരനെ ചുമതലയേൽപ്പിയ്ക്കുക.' 'പാർട്ടിയുടെ അഭിമാനം കാത്തുസൂക്ഷിയ്ക്കുവാൻ പ്രവർത്തകർക്ക് ഊർജ്ജം പകരുവാൻ നേതൃത്വം മുരളീധരന്റെ കൈകളിലേയ്ക്ക് വരട്ടെ' എന്നിങ്ങനെയാണ് ഫ്ലക്സിലെ പ്രയോഗങ്ങൾ. കെ മുരളീധരനെ കെപിസിസി പ്രസിഡന്റാക്കണം എന്നാണ് ഫ്ലക്സ് ബോർഡിലെ ആവശ്യം. തിരുവനന്തപുരം കോർപ്പറേഷനിൽ സീറ്റ് വിറ്റ നേതാക്കളെ പുറത്താക്കണം എന്ന് ആവശ്യപ്പെട്ട് കെപിസിസി ആസ്ഥാനത്തും പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടിരുന്നു. മുൻ മന്ത്രി വിഎസ് ശിവകുമാർ, നെയ്യാറ്റിൻകര സനൽ, തമ്പാനൂർ രവി, ശരത്ചന്ദ്ര പ്രസാദ് എന്നീ നേതാക്കളെ പുറത്താക്കണം എന്നാണ് പോസ്റ്ററിൽ ആവശ്യം.