വിദ്യാര്‍ത്ഥിയെ തട്ടിക്കൊണ്ടുപോയി ബ്ലാക്ക് മെയില്‍ ചെയ്ത് പണം തട്ടിയ കേസുമായി ബന്ധപ്പെട്ട് ഒരു സ്ത്രീ ഉള്‍പ്പെടെ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. പൂന്തുറ സ്വദേശി മാഹീന്‍ കണ്ണ് (32), വട്ടപ്പാറ ശീമവിളമുക്ക് സ്വദേശി ഷീബ (38) എന്നിവരാണു പൊലീസ് പിടിയിലായത്.
തലസ്ഥാന നഗരിയിലെ ഓവര്‍ബ്രിഡ്ജിനടുത്തുള്ള ഒരു സ്വകാര്യ സ്ഥാപനത്തില്‍ ട്യൂഷനു പോകുന്ന എഞ്ചിനീയറിംഗ് കോളേജ് വിദ്യാര്‍ത്ഥിയെയാണു ഇവര്‍ തട്ടിക്കൊണ്ടുപോയത്. വിദ്യാര്‍ത്ഥിയുടെ സ്ഥിരമായ വരവും പോക്കും ദിവസങ്ങളോളം നിരീക്ഷിച്ച ശേഷമാണ് കുട്ടിയെ വീട്ടിലെത്തിക്കാം എന്ന് വിശ്വസിപ്പിച്ച് പ്രതികളിലൊരാളായ മാഹീന്‍ കണ്ണ് സ്വന്തം ഓട്ടോയില്‍ കയറ്റിയത്.
വഴിയില്‍ വച്ച് ഷീബയും ഓട്ടോയില്‍ കയറി. യാത്രയ്ക്കിടെ വിദ്യാര്‍ത്ഥി തന്നെ പീഡിപ്പിക്കാന്‍ ശ്രമിച്ചു എന്ന് പറഞ്ഞ് ഒച്ചവച്ചു. പണം നല്‍കിയാല്‍ പ്രശ്നം ഒത്തുതീര്‍പ്പാക്കാം എന്ന് പറഞ്ഞു. ഇതില്‍ ഭയന്നുപോയ വിദ്യാര്‍ത്ഥി എ ടി എമ്മില്‍ നിന്ന് പണം പിന്‍വലിച്ച് ഇവര്‍ക്ക് നല്‍കി തലയൂരി. എന്നാല്‍ വിദ്യാര്‍ത്ഥിയും രക്ഷിതാക്കളും ചേര്‍ന്ന് പൊലീസില്‍ പരാതി നല്‍കി. തുടര്‍ന്ന് പുളിമൂട് ജംഗ്ഷനിലും സമീപത്തുമുള്ള ട്രാഫിക് ക്യാമറകളുടെ സഹായത്തോടേ ഷാഡോ പൊലീസ് മാഹീന്‍റെ ഓട്ടോ തിരിച്ചറിയുകയും ആദ്യം മാഹീനെയും തുടര്‍ന്ന് ഷീബയേയും പിടികൂടുകയായിരുന്നു. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.