കഞ്ചാവ് കേസിലെ പ്രതിയില്‍ നിന്ന് പണം തട്ടിയെടുത്ത പൊലീസുകാര്‍ ഉള്‍പ്പെട്ട നാലംഗ സംഘം അറസ്റ്റിലായി. ഇടുക്കി ജില്ലയിലെ വിവിധ പൊലീസ് സ്റ്റേഷനുകളിലെ പൊലീസുകാരായ നൂര്‍ സമീര്‍ (45), മുജീബ് റഹ്മാന് (29), സുനീഷ് (31) എന്നിവര്‍ക്കൊപ്പം അബ്കാരി കേസിലെ പ്രതികൂടിയായ തൊടുപുഴ സ്വദേശി റിസ്വാന് കാസിം (22) എന്നിവരാണു പാലക്കാട് ടൌണ്‍ സൌത്ത് പൊലീസ് വലയിലായത്.
മുഖ്യമന്ത്രിയുടെ ആന്റി ഗുണ്ടാ സ്ക്വാഡ് അംഗങ്ങള്‍ എന്ന നിലയിലാണ് കഞ്ചാവ് കേസിലെ പ്രതിയായ രാജേഷ് എന്നയാളിനെ വിളിച്ചു വരുത്തി ഭീഷണിപ്പെടുത്തി 96000 രൂപ തട്ടിയെടുത്തത്. എന്നാല്‍ ഇവരില്‍ നിന്ന് രക്ഷപ്പെട്ട രാജേഷ് പൊലീസില്‍ പരാതിപ്പെടുകയായിരുന്നു.
അറസ്റ്റിലായ പ്രതികളെ കോടതി അടുത്ത മാസം ഒന്‍പത് വരെ റിമാന്‍ഡ് ചെയ്തു. പ്രതികളെ സബ് ജയിലിലേക്ക് മാറ്റി. ഇടുക്കി ജില്ലാ പൊലീസ് മേധാവി കഞ്ചാവ് വേട്ടയ്ക്കായി നിയോഗിച്ച ഹൈറേഞ്ച് സ്പൈഡേഴ്സ് സ്പെഷ്യല്‍ സ്ക്വാഡില്‍ ഉണ്ടായിരുന്നവരാണ് പിടിയിലായ മൂന്ന് പൊലീസുകാരും.