പ്രണയം നടിച്ച് വിവാഹ വാഗ്ദാനം നല്‍കി പെണ്‍കുട്ടികളെ വലയിലാക്കി പണവും സ്വര്‍ണ്ണാഭരണങ്ങളും തട്ടിയെടുത്ത കേസില്‍ യുവാവിനെയും മാതാവിനെയും പൊലീസ് അറസ്റ്റ് ചെയ്തു. തൊടിയൂര്‍ മുഴങ്ങോടിക്കുന്ന് വിളപടിറ്റതില്‍ റിയാസ് (24), മാതാവ് ആരിഫാ ബീവി (48) എന്നിവരാണു ശൂരനാട് പൊലീസിന്‍റെ പിടിയിലായത്.
ശൂരനാട് സ്വദേശിയായ വിദ്യാര്‍ത്ഥിനിയുടെ രക്ഷിതാക്കളില്‍ നിന്നുള്ള പരാതിയെ തുടര്‍ന്ന് പ്രതികളെ പെരുമ്പാവൂരില്‍ നിന്നാണു പിടികൂടിയത്. ആദ്യം പെണ്‍കുട്ടിയെ പ്രണയിക്കുകയും സ്വര്‍ണ്ണാഭരണങ്ങള്‍ തട്ടിയെടുക്കുകയും പിന്നീട് കുട്ടിയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിച്ച് ചൂഷണം ചെയ്യാന്‍ ശ്രമിക്കുകയും ചെയ്തതായി പരാതിയുണ്ട്.
സമാന രീതിയില്‍ മറ്റു ചില കുട്ടികളെയും തട്ടിപ്പിനു വിധേയമാക്കിയതായി പൊലീസ് കണ്ടെത്തി. വിദേശത്തേക്ക് കടക്കാനുള്ള ശ്രമത്തിലായിരുന്നു പ്രതികള്‍. പിടിയിലായ പ്രതികളെ ശാസ്താംകോട്ട കോടതി റിമാന്‍ഡ് ചെയ്തു.