നന്തൻകോട്ട് മാതാപിതാക്കളെയും സഹോദരിയെയുമടക്കം നാലുപേരെ കൊലപ്പെടുത്തിയത് താനാണെന്ന് കുറ്റം സമ്മതിച്ച് പ്രതി കാഡൽ ജീൻസൺ രാജ. താന്‍ ഒറ്റയ്ക്കാണ് കൃത്യം നിർവഹിച്ചത്. ആയുധങ്ങള്‍ കൊണ്ട് തലയ്ക്ക് പരുക്കേൽപ്പിക്കുകയായിരുന്നുവെന്ന് ജീൻസൺ മൊഴി നൽകി. എന്നാൽ കൊലയ്ക്കു പിന്നിലെ കാരണമെന്താണെന്ന് വ്യക്തമായിട്ടില്ല. ചോദ്യം ചെയ്യൽ തുടരുകയാണ്.
കീഴടങ്ങുന്നതിനായി നാട്ടിലേക്ക് വരുകയായിരുന്ന കാഡൽ ജീൻസൺ രാജയെ തമ്പാനൂരിൽ നിന്ന് പൊലീസ് പിടികൂടുകയായിരുന്നു. സംഭവം നടന്നതിന് ശേഷം ഇയാള്‍ ചെന്നൈയിലേക്ക് കടന്നിരുന്നു. കാഡലിന്റെ കൈവശം എൺപതിനായിരത്തോളം രൂപയുണ്ടായിരുന്നുവെന്ന് വിവരമുണ്ട്.
ഞായറാഴ്ചയാണ് ദമ്പതികളും മകളും അടക്കം ഒരു കുടുംബത്തിലെ നാലുപേരെ മരിച്ചനിലയിൽ കണ്ടെത്തിയത്. ഡോ. ജീൻ പത്മ (58), ഭർത്താവ് റിട്ട. പ്രഫ. രാജ തങ്കം (60), മകൾ കരോലിൻ (26), ഡോ. ജീന്റെ ബന്ധു ലളിത (70) എന്നിവരെയാണ് മരിച്ചത്. എന്നാല്‍ മൂന്ന് പേരുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിലും ഒരാളുടേതു കിടക്കവിരിയിൽ പൊതിഞ്ഞ നിലയിലുമായിരുന്നു. മകൻ കൊലപാതകം നടത്തിയശേഷം മൃതദേഹങ്ങൾ കത്തിച്ചതാകാമെന്നാണ് സൂചന.