സംസ്ഥാനത്തെ ഓരോ മലയാളിയേയും സര്‍ക്കാര്‍ 39,841രൂപ കടക്കാരനാക്കി. സംസ്ഥാന സര്‍ക്കാര്‍ പല പദ്ധതികള്‍ക്കുമായി എടുത്ത കടങ്ങളാണ് മലയാളിയേ ഇത്രയും കടക്കാരനാക്കിയത്. സംസ്ഥാനത്തിന്റെ പൊതുകടം കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ ഇരട്ടിയിലധികമാണ് വര്‍ധിച്ചത്. കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടയില്‍ 1,07,157.33 കോടി രൂപയാണ് കേരളം കടമെടുത്തത്. തിരിച്ചടവു കിഴിച്ചാല്‍ കടബാധ്യതയില്‍ 64,488.99 കോടി രൂപയുടെ വര്‍ധനയുണ്ടായിട്ടുണ്ട്.
ഓണത്തോടനുബന്ധിച്ച് സര്‍ക്കാര്‍ വീണ്ടും വന്‍തുക കടമെടുത്തതിനാല്‍ കടത്തിന്റെ കണക്കില്‍ ഇനിയും വര്‍ധനയുണ്ടാകും. കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ കടപ്പത്രം വഴി സര്‍ക്കാര്‍ സമാഹരിച്ചത് 51,883 കോടി രൂപയാണ്. ഇതില്‍ തിരിച്ചടച്ചത് 5975.93 കോടിരൂപ മാത്രമാണ്. വിദേശവായ്പയായി 2465.33 കോടി രൂപയെടുത്തു. എല്‍.ഐ.സി., നബാര്‍ഡ്, എന്‍.സി.ഡി.സി. എന്നിവയാണ് സര്‍ക്കാര്‍ കടം എടുത്ത മറ്റു സ്ഥാപനങ്ങള്‍. പൊതുവിപണിയില്‍ കടപ്പത്രമിറക്കിയും (ഒ.എം.ബി.) സര്‍ക്കാര്‍ പണം കണ്ടെത്തിയിരുന്നു.
2010 മാര്‍ച്ചില്‍ 70,969.42 രൂപയായിരുന്ന സംസ്ഥാനത്തിന്റെ കടം 201415 സാമ്പത്തികവര്‍ഷം അവസാനിക്കുമ്പോള്‍ 1,35,458.41 കോടി രൂപയായി. പലിശയിനത്തില്‍ 201415 ല്‍ സര്‍ക്കാര്‍ അടച്ചത് പതിനായിരം കോടി രൂപയിലധികം വരും. കേരളത്തിന്റെ മൊത്തം ബജറ്റു തുകയുടെ എട്ടിലൊന്നുവരും ഈ സംഖ്യ. തൃശ്ശൂര്‍ എറവ് കുറ്റിച്ചിറവീട്ടില്‍ കെ. വേണുഗോപാലിന് വിവരാവകാശനിയമപ്രകാരം ലഭിച്ച മറുപടിയിലാണ് ഈ കണക്കുകള്‍.