വര്‍ഗീയ വിഷം ചീറ്റുകയാണ് തൊഗാഡിയയുടെ ലക്ഷ്യം: പിണറായി

Webdunia
ബുധന്‍, 17 ജൂണ്‍ 2015 (13:27 IST)
വിശ്വഹിന്ദു പരിഷത്ത് നേതാവ് പ്രവീണ്‍ തൊഗാഡിയയ്ക്കെതിരേ വിമര്‍ശനവുമായി സിപിഎം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍ രംഗത്ത്. മതം ഏതായാലും മനുഷ്യന്‍ നന്നായാല്‍ മതിയെന്ന് പറഞ്ഞ നാടാണ് കേരളം. ആ നാട്ടിലേയ്ക്ക് കൃഷി എന്നു പറഞ്ഞു തൊഗാഡിയ അടക്കമുള്ളവര്‍ വരുന്നുണ്ട്. എന്നാല്‍ കൃഷിയല്ല വര്‍ഗീയ വിഷം ചീറ്റുകയാണ് തൊഗാഡിയയുടെ ലക്ഷ്യമെന്നും പിണറായി വിജയന്‍ പറഞ്ഞു.

ബിജെപി ഭരണത്തില്‍ സകലതും മറന്ന് ആര്‍എസ്എസ് അഴിഞ്ഞാടുകയാണ്. ആര്‍എസ്എസിന്റെ വര്‍ഗീയത നടപ്പാക്കാന്‍ ഈ നാട് അനുവദിക്കില്ല. ആര്‍എസ്എസിന്റെ അടികൊണ്ടിട്ടും അവരുടെ പേര് പറയാന്‍ പലരും ഭയക്കുന്നു. എന്നാല്‍ അങ്ങിനെ ഭയപ്പെടേണ്ട കാര്യമില്ല. ആര്‍എസ്എസ് ആക്രമിച്ചെങ്കില്‍ ആര്‍എസ്എസ് ആക്രമിച്ചു എന്ന് തന്നെ പറയണമെന്നും പിണറായി വിജയന്‍ പറഞ്ഞു.

ആര്‍എസ്എസ് ക്രൈസ്തവ സ്ഥാപനങ്ങള്‍ക്കെതിരെ അക്രമം അഴിച്ചുവിടുകയാണ്. എന്തും ചെയ്യാമെന്നാണ് അവര്‍ കരുതുന്നത്. എന്നാല്‍ അതൊന്നും ഇവിടെ നടക്കില്ല.  എതൊരു വ്യക്തിക്കും അവരവരുടെ വിശ്വാസമനുസരിച്ച് ജീവിക്കാന്‍ ഇവിടെ അവകാശമുണ്ട്. വര്‍ഗീയത അത് ചെറുതായാലും വലുതായാലും എതിര്‍ക്കപെടേണ്ടത് തന്നെയാണെന്നും പിണറായി പറഞ്ഞു.

ഹിന്ദുവിലും മുസ്ലീമിലും ക്രിസ്ത്യാനികളിലും കൂടുതല്‍ പേരും മതേതരചിന്താഗതിക്കാരാണ്. കുറച്ച് പേര് മാത്രമാണ് വര്‍ഗീയ കാഴ്പാടുള്ളവര്‍ . അവര്‍ എതിര്‍ക്കപ്പെടുകതന്നെ വേണം. അതിന് വിശ്വസികളല്ലെങ്കില്‍ കൂടി താനും തന്റെ പാര്‍ടിയും എന്നും മുന്നില്‍തന്നെയുണ്ടാകുമെന്നും പിണറായി പറഞ്ഞു. ആറ്റിങ്ങലില്‍ പെന്തകോസ്ത് വിശ്വാസികളെ പ്രാര്‍ത്ഥനാ സ്ഥലത്ത് കയറി ആര്‍എസ്എസുകാര്‍ ആക്രമിച്ചതിനെതിരായ സെക്രട്ടറിയറ്റ് പ്രതിഷേധം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.