വളരെ കുറച്ച് മാത്രമെ ചിരിക്കാറുള്ളു, ചിരിച്ചാല്‍ അതില്‍ എല്ലാം ഉണ്ടായിരിക്കും. അതാണ് പിണറായി വിജയന്‍. കാര്‍ക്കശ്യക്കാരന്റെ പ്രതിരൂപവും മര്‍ക്കടമുഷ്‌ടിക്കാരന്റെ കരുത്തുമായി അദ്ദേഹം സി പി എമ്മിനെ പതിനാറ് വര്‍ഷം കാത്തുസൂഷിച്ചു. ഇനി പടിയിറക്കമാണ്. മുന്നില്‍ ഇനിയും പ്രതിബന്ധങ്ങള്‍ ഉണ്ടെങ്കിലും ഇനിയുള്ള യാത്ര ഒരു പാര്‍ട്ടിയെ നയിക്കാനല്ല. അമരക്കാരനില്‍ നിന്നുള്ള മാറ്റം അംഗീകരിക്കാനും മുന്നോട്ടുള്ള പാതയില്‍ തന്നെ പ്രതീക്ഷിച്ചിരിക്കുന്നത് എന്താണെന്നും സഖാവ് പിണറായി വിജയന് നല്ലതുപോലെ അറിയാം.
''പട്ടിണിയും ദാരിദ്ര്യവും അറിയാത്തവര്‍ കമ്മ്യൂണിസ്‌റ്റ് അല്ലെന്ന് ഒരു ചൊല്ലുണ്ട്'' - ആ ചൊല്ലിനെ അന്വര്‍ത്ഥമാക്കുന്നത് ആയിരുന്നു പിണറായി വിജയന്റെ കുട്ടിക്കാലം. കണ്ണൂര്‍ ജില്ലയിലെ പിണറായിയില്‍ തെങ്ങു ചെത്തു തൊഴിലാളിയായ മുണ്ടയില്‍ കോരന്റെയും കല്യാണിയുടെയും ഇളയമകനായി 1944 മാര്‍ച്ച് 21-ന് വിജയന്‍ ജനിച്ചു. കേരളത്തില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ശക്തമായ സാന്നിധ്യം ഉള്ള കണ്ണൂര്‍ ജില്ലയിലാണ് വിജയന്‍ രാഷ്‌ട്രീയപ്രവര്‍ത്തനം ആരംഭിച്ചത്. തലശ്ശേരി കലാപകാലത്ത് മതമൗലിക വാദികള്‍ നാടിനെ ചോരയില്‍ മുക്കാന്‍ നോക്കിയപ്പോള്‍ അതിനെ ചങ്കൂറ്റത്തോടെ നേരിടാന്‍ മുന്നില്‍ നിന്നത് യുവത്വത്തിന്റെ ചുറുചുറുക്കുമായി പിണറായി വിജയന്‍ ആയിരുന്നു. ആ ഇരുപത്തിയഞ്ചുകാരന്റെ പിന്നിലായിരുന്നു തലശ്ശേരിയിലെ പുരോഗമന പ്രസ്ഥാനം.
ഇടതുപക്ഷ വിദ്യാര്‍ത്ഥി സംഘടനാരംഗത്തു കൂടിയാണ് നേതൃത്വത്തിലേക്ക് കടന്നുവന്ന പിണറായി വിജയന്‍ എസ് എഫ് ഐയുടെ ആദ്യരൂപമായ കേരളാ സ്റ്റുഡന്റ് ഫെഡറേഷന്റെ (കെ എസ് എഫ്) കണ്ണൂര്‍ ജില്ലാസെക്രട്ടറി, സംസ്ഥാന സെക്രട്ടറി എന്നീ നിലകളില്‍ കഴിവും ശക്തിയും തെളിയിച്ചു. കൊടിയ പീഡനങ്ങള്‍ സഹിച്ച് അടിയന്തരാവസ്ഥക്കാലത്ത് പതിനെട്ടു മാസം കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിഞ്ഞ അദ്ദേഹം ഒരു കമ്മ്യൂണിസ്റ്റുകാരനെന്ന നിലയില്‍ മനസിനെ കൂടുതല്‍ പാകപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് 26-ആമത്തെ വയസില്‍ 1970 - ല്‍ കേരള നിയമസഭയില്‍ അംഗമായി. 1977ലും 1991ലും കൂത്തുപറമ്പ് മണ്ഡലത്തില്‍ നിന്നും 1996ല്‍ പയ്യന്നൂരില്‍ നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 1996 മുതല്‍ 1998 വരെ ഇ കെ നായനാര്‍ മന്ത്രിസഭയില്‍ വിദ്യുച്‌ഛക്തി - സഹകരണ വകുപ്പുകള്‍ കൈകാര്യം ചെയ്തു. 1998 സെപ്തംബറില്‍ ചടയന്‍ ഗോവിന്ദന്റെ നിര്യാണത്തെ തുടര്‍ന്ന് അന്നത്തെ ശക്തനായ നേതാവായിരുന്ന വി എസ് അച്യുതാനന്ദന്റെ ആശീര്‍വാദത്തോടെ പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയായി. തുടര്‍ന്ന് ഒരു കമ്മ്യൂണിസ്റ്റുകാരന്റെ പാത, അത് കല്ലും മുള്ളും നിറഞ്ഞതായിരിക്കുമെന്ന് തെളിയിച്ച് പാര്‍ട്ടിയെ പതിനാറ് വര്‍ഷം കാലിടറാതെ മുന്നോട്ട് നയിച്ചു.
സി പി എമ്മിന്റെ കരുത്തനായ സാരഥി, അണികളുടെ പ്രിയങ്കരനായ സ്വന്തം വിജയേട്ടന്‍. എതിര്‍പ്പുകളും ആരോപണങ്ങളും കലങ്ങിമറിഞ്ഞ ജീവിതത്തില്‍ മുണ്ടു മുറുക്കിയുടുക്കന്ന ലാഘവത്തോടെ എല്ലാം തരണം ചെയ്തു. ഒരു കാലത്ത് ആശീര്‍വദിച്ച് കൂടെ കൊണ്ടുനടന്ന മുതിര്‍ന്ന നേതാവ് വി എസ് അച്യുതാനന്ദന്‍ തന്നെ തനിക്കെതിരെ തിരിഞ്ഞെങ്കിലും ഒരിക്കലും പതറിയില്ല. സംസ്ഥാനത്തെ ഏറ്റവും ശക്തനായ നേതാവ് എന്ന് തെളിയിച്ച നേതാവാണ് പിണറായി വിജയന്‍. ടി പി ചന്ദ്രശേഖരന്റെ കൊലപാതകം പാര്‍ട്ടിക്ക് നേരെ തിരിഞ്ഞ വേളയില്‍ പാര്‍ട്ടിയെ പോറലേല്‍ക്കാതെ കാത്തു സൂക്ഷിച്ചു.
വളരെ കുറച്ച് മാത്രം സംസാരിക്കുക എന്നതായിരുന്നു അദ്ദേഹത്തിന്റെ പ്രത്യേകത. പിണറായി വിജയന്റെ വാര്‍ത്താസമ്മേളനങ്ങള്‍ മിക്കപ്പോഴും ‘പിന്‍ഡ്രോപ് സൈലന്‍സ്’- ഓടു കൂടിയതായിരുന്നു. വാക്കുകള്‍ അളന്നു കുറിച്ച് വ്യക്തമായി പറയുന്ന രീതിയെ മാധ്യമപ്രവര്‍ത്തകരും വളരെയധികം ഇഷ്‌ടപ്പെട്ടിരുന്നു. പിണറായി പറയുമ്പോള്‍ പിണറായി മാത്രം പറയും, ചോദ്യങ്ങള്‍ ചോദിക്കേണ്ട സമയത്ത് അതിന് മറുപടിയും നല്കും.
എന്നാല്‍ പറയേണ്ടത് മാത്രം സംസാരിക്കുന്ന ശൈലി അദ്ദേഹത്തെ പലപ്പോഴും ചതിച്ചു. നികൃഷ്‌ടം, അട്ടിപ്പേറവകാശം, അല്‍പന്‍, കുലംകുത്തി, പരനാറി, ബക്കറ്റിലെ വെള്ളം, വഷളന്മാര്‍, തീപ്പന്തം എന്നി വാക്കുകള്‍ പിണറായി വിജയനെ പലപ്പോഴും ചതിച്ചു. എന്നാല്‍ പറഞ്ഞതില്‍ ഉറച്ച് നില്‍ക്കുന്നതിലും നിലപാടുകളിലെ കണിശതകളും ആ വാക്കുകളില്‍ നിഴലിച്ച് കാണുന്നുണ്ടായിരുന്നു.
ഒരുപാട് സന്തോഷിക്കുക, അത്രയും തന്നെ നിരാശപ്പെടുക എന്നത് പിണറായി വിജയന്റെ ശൈലിയല്ല. ഒരു നേതാവെന്ന നിലയില്‍, കമ്മ്യൂണിസ്റ്റ് എന്ന നിലയില്‍, ഒരു സംഘാടകന്‍ എന്ന നിലയില്‍, എല്ലാ പ്രതിസന്ധികളെയും കീറി മുറിച്ചു കടന്നു പോയ കരളുറപ്പുള്ള നേതാവ് എന്ന നിലയിലാകും ചരിത്രം അദ്ദേഹത്തെ രേഖപ്പെടുത്തുക. അതില്‍ നിന്ന് പഠിക്കാനും തള്ളിക്കളയാനുമായി നിരവധി കാരണങ്ങള്‍ ഉണ്ടാകും. ശത്രുക്കള്‍ ഇത്രയൊക്കെ വളഞ്ഞിട്ട് കൊത്തിയിട്ടും ആരോപണങ്ങളുടെ മലവെള്ളപ്പാച്ചില്‍ ഉണ്ടാക്കിയെടുത്തിട്ടും, തളരാതെ അജയ്യനായി നില്ക്കാന്‍ എങ്ങനെ കഴിയുന്നുവെന്ന് അദ്ദേഹത്തിന്റെ ജീവിതത്തില്‍ നിന്ന് മനസിലാക്കേണ്ടതാണ്. എന്നാലും പതിനാറാം ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഏറ്റ പരാജയം പിണറായിക്ക് മറക്കാന്‍ കഴിയാത്തതാണ്. 20 മണ്ഡലങ്ങളില്‍ നടന്ന തെരഞ്ഞെടുപ്പില്‍ യുഡിഎഫ് 12 ഇടങ്ങളില്‍ ജയം കണ്ടപ്പോള്‍ 8 ഇടങ്ങളില്‍ മാത്രമാണ് ഇടതുപക്ഷത്തിന് ജയിക്കാന്‍ കഴിഞ്ഞത്.
2007ല്‍ പിബിയില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തു. അതൊഴിച്ചാല്‍ എന്നും പാര്‍ട്ടിക്ക് കീഴ്‌പെട്ടു നിന്ന സഖാവാണ് പിണറായി. പടി ഇറങ്ങുബോഴും വിജയനെന്ന വിജയേട്ടന്റെ മനസിനെ കലുഷിതമാക്കുന്ന കാര്യങ്ങള്‍ പലതാണ്. പാര്‍ട്ടിയെ കാന്‍സറായി കാര്‍ന്നു തിന്നുന്ന വിഭാഗീയത അവസാനിപ്പിക്കാന്‍ കഴിയാത്തതും സര്‍ക്കാരിനെതിരെ അടുത്ത കാലങ്ങളില്‍ നടത്തിയ സമരങ്ങള്‍ പാളിയതും. വി എസ് അച്യുതാനന്ദനുമായുള്ള പ്രശ്‌നങ്ങള്‍, കൊല്ലുന്ന നേതാവെന്ന ആരോപണം എന്നിങ്ങനെ അവസാനിപ്പിക്കാന്‍ കഴിയാത്ത പ്രശ്‌നങ്ങള്‍ ബാക്കിയാക്കിയാണ് അദ്ദേഹം പടിയിറങ്ങുന്നത്.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലുംട്വിറ്ററിലും പിന്തുടരുക.