താമരവള്ളിയില്‍ ചുറ്റി അടിതെറ്റുന്ന സിപി‌എം; കേരളം അടുത്ത ബംഗാളോ?

Webdunia
ചൊവ്വ, 30 ജൂണ്‍ 2015 (14:24 IST)
സംസ്ഥാന രാഷ്ട്രീയത്തില്‍ ഇടതുപക്ഷത്തിന്റെ പ്രത്യേകിച്ച് ഇടതിലെ വല്യേട്ടനായ സിപി‌എമ്മിന്റെ രാഷ്ട്രീയ പ്രസ്ക്തി കേരളത്തില്‍ കുറഞ്ഞുവരികയാണെന്ന സംശയങ്ങള്‍ക്ക് ശക്തി പകരുന്നതാണ് അരുവിക്കര ഉപതെരഞ്ഞെടുപ്പില്‍ സിപി‌എം നേരിട്ട വമ്പന്‍ പരാജയം നല്‍കുന്ന സൂചന. കഴിഞ്ഞ കാലങ്ങളില്‍ സംസ്ഥാന രാഷ്ട്രീയത്തിന്റെ ഗതിവിഗതികള്‍ നിയന്ത്രിച്ചിരുന്ന സിപി‌എമ്മിന്റെ അടിത്തറ വോട്ടുകള്‍ താമരക്കുളത്തില്‍ എത്തിക്കാന്‍ ബിജെപിക്ക് സാധിച്ചതോടെ ഇടതിന്റെ സ്ഥാനത്ത് ബിജെപിയുടെ വര്‍ഗീയ രാഷ്ട്രീയം വളര്‍ച്ചപ്രാപിക്കുന്നതായാണ് അരുവിക്കര നല്‍കുന്ന പാഠം.

ബംഗാളിലെപ്പോലെ സിപിഎമ്മിന്റെ അടിത്തറയിളക്കിക്കൊണ്ടാണ് ഇവിടെ ബിജെപിയുടെ കടന്നുകയറ്റം. ഇനിയും ത്രികോണ മത്സരമുണ്ടായാല്‍ പാര്‍ട്ടിക്ക്, ഇടത് പക്ഷത്തിന് ഉറപ്പായും തോല്‍‌വി മണക്കേണ്ടതായി വരും എന്നുള്ളത് ഇടത്പക്ഷത്തിന്റെ ഭാവി ചോദ്യ ചിഹ്നമാക്കിയിരിക്കുന്നു. ന്യൂനപക്ഷ വോട്ടുകള്‍ യുഡി‌എഫ് മൊത്തക്കച്ചവടം നടത്തുന്നതിനാല്‍ ഭൂരിപക്ഷ സമുദായമായിരുന്നു ഇടതുപക്ഷത്തെ താങ്ങിനിര്‍ത്തിയിരുന്നത്. എന്നാല്‍ ഈ വോട്ട് ബാങ്കില്‍ കനത്ത വിള്ളല്‍ വീഴ്ത്താന്‍ ബിജെപിക്ക് വിജയകരമായി കഴിഞ്ഞിരിക്കുന്നു എന്നത് കേരള രാഷ്ട്രീയം എങ്ങോട്ടാണ് എന്നതിന്റെ സൂചനകള്‍ നല്‍കുന്നത്.

ഇന്നലെവരെ ബിജെപി എന്ന രാഷ്ട്രീയ പ്രസ്ഥാനത്തിന് സംസ്ഥാനത്തില്‍ ക്ലച്ചുപിടിക്കാന്‍ കഴിയാത്തത് സി.പി.എമ്മിന്റെ ശക്തമായ സാന്നിധ്യം കൊണ്ടായിരുന്നു. എന്നാല്‍ ഇത് മറികടസ്ക്കാന്‍ ഇടതു കോട്ടകളിലേക്ക് കടന്നുകയറുകയും അവരുടെ വോട്ട് ബാങ്കുകളില്‍ വിള്ളല്‍ വീഴ്ത്താനും ബിജെപി നടത്തിയ പരിശ്രമങ്ങളാണ് കഴിഞ്ഞ ലോക്‍സഭാ തെരഞ്ഞെടുപ്പുമുതല്‍ വിജയകരമായി പരീക്ഷിച്ചുകൊണ്ടിരിക്കുന്നത്. സി.പി.എമ്മിലെ നേതാക്കളെയും അണികളെയും കൂട്ടുപിടിച്ചാണ് ബി.ജെ.പി ഇതിനായുള്ള തന്ത്രങ്ങള്‍ നടപ്പിലാക്കിയിരിക്കുന്നത്.

രണ്ടുമുന്നണിയുടെയും വോട്ടുകള്‍ ബിജെപി പിടിച്ചിട്ടുണ്ടെങ്കിലും ഇടതുമുന്നണിയുടെ കോട്ടകളാണ് അവര്‍ കടപുഴക്കിയത്. ഇത് ഇടതുമുന്നണിയെ സംബന്ധിച്ചിടത്തോളം അപായസൂചകവുമാണ്. എന്നാല്‍ ഇത് ഇടതുരാഷ്ട്രീയത്തില്‍ വലിയ പ്രത്യാഘാതങ്ങളായിരിക്കും ഉണ്ടാക്കുക. തുടര്‍ച്ചയായി ഉണ്ടായ മൂന്ന് ഉപതെരഞ്ഞെടുപ്പുകളിലും വിജയിക്കാന്‍ കഴിയാത്ത ഒരു മുന്നണിയ്ക്ക് എപ്രകാരമാണ് വരുന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പിലും നിയമസഭാ തെര്‍ഞ്ഞെടുപ്പിലും മുന്നേറ്റമുണ്ടാക്കാന്‍ സാധിക്കുക എന്ന ചോദ്യം പ്രസക്തമാണ്. ഇടതുമുന്നണിയുടെ കെട്ടുറപ്പിനെ തന്നെ ഇത് ബാധിച്ചേക്കാം.

മറിച്ച് അരുവിക്കര ബിജെപിക്ക് സമ്മാനിച്ചത് വമ്പന്‍ നേട്ടങ്ങളാണ്, 2011നേക്കാള്‍ നാല്‍ മടങ്ങ് അധികം വോട്ട് ബിജെപിക്ക് ഇവിടെ നിന്ന് ലഭിച്ചത്. വരാന്‍ പോകുന്ന തെര്‍ഞ്ഞെടുപ്പുകളില്‍ എല്ലാം പാര്‍ട്ടി അണികള്‍ക്ക് ഊര്‍ജ്ജസ്വലരാകാനും കൂടുതല്‍ ആളുകളെ പാര്‍ട്ടിയിലേക്ക് എത്തിക്കാനും അരുവിക്കര മുന്നേറ്റം സഹായം നല്‍കും. കേരളത്തില്‍ അടുത്ത കാലത്തൊന്നും അധികാരം നേടാന്‍ സാധിക്കില്ലെങ്കിലും കേരളത്തില്‍ പുതിയൊരു പ്രതിപക്ഷം എന്ന തരത്തിലേക്ക് ജനങ്ങളിലേക്ക് ബിജെപി ഇനി ഇറങ്ങിയാല്‍ ഇതിനെ എങ്ങനെ പ്രതിരോധിക്കുന്നു എന്നതിനെ അനുസരിച്ചിരിക്കും ഇടത് പക്ഷത്തിന്റെ നിലനില്‍പ്പ്.