അവസാനിക്കുന്നില്ല കണ്ണൂരിലെ ആക്രമണം; ബി ജെ പി വിട്ട് സി പി എമ്മിൽ ചേർന്ന നേതാവിന്റെ വീടിനു നേരെ ബോംബേറ്

Webdunia
ശനി, 22 ഒക്‌ടോബര്‍ 2016 (08:28 IST)
കണ്ണൂർ ചെറുവാഞ്ചേരിയില്‍ സി പി എം നേതാവിന്റെ വീടിനു നേരെ ബോംബേറ്. കൂത്തുപറമ്പ് ബ്ലോക് പഞ്ചായത്ത് പ്രസിഡന്റ് എ.അശോകന്റെ വീടിനു നേരെയാണ് അക്രമികൾ ബോംബേറ് നടത്തിയത്. ആക്രമണത്തില്‍ അശോകന്റെ ഗണ്‍മാനു ഗുരുതരമായി പരിക്കേറ്റു. നാട്ടുകാർ ഓടികൂടിയ സമയത്ത് ആക്രമികൾ രക്ഷപെടുകയായിരുന്നു.
 
ബി ജെ പി വിട്ട് സി പി എമ്മിലെത്തിയ പ്രമുഖ നേതാവാണ് എ.അശോകന്‍. അശോകനു വധ ഭീഷണിയുണ്ടെന്നു നേരത്തെ രഹസ്യാന്വേഷണ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അദ്ദേഹത്തിന്റെ സുരക്ഷയ്ക്കായി ഗൺമാനെ നിയോഗിച്ചത്. ആർ എസ് എസ് ആണ് ആക്രമണത്തിന് പിന്നിലെന്ന് സി പി എം ആരോപിച്ചു.
 
ഒരു ഇടവേളയ്ക്ക് ശേഷം കണ്ണൂരില്‍ വീണ്ടും സംഘര്‍ഷമുണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് വന്‍ പൊലീസ് സന്നാഹം സ്ഥലത്ത് ക്യാംപ് ചെയ്യുന്നുണ്ട്. അടുത്തിടെയുണ്ടായ രണ്ട് രാഷ്ട്രീയ കൊലപാതകങ്ങളെ തുടര്‍ന്ന് പൊലീസ് അതീവ ജാഗ്രത പുലര്‍ത്തുന്നതിനിടെയാണ് വീണ്ടും ആക്രമണം ഉണ്ടായിരിക്കുന്നത്. അശോകന്റെ വീടിനു നേരെ ഇന്നലെ അർധരാത്രി 12.10ന് ഉണ്ടായ ബോംബേറിൽ പ്രതിഷേധിച്ച് സി പി എം ചെറുവാഞ്ചേരി ലോക്കൽ പരിധിയിൽ ഇന്നു ഹർത്താലിന് ആഹ്വാനം ചെയ്തു.
 
Next Article