'വിശ്വാസം അതല്ലേ എല്ലാം'; യുവതിപ്രവേശനത്തിന് മുൻകൈ വേണ്ട, വിശ്വാസികളുടെ വികാരം മാനിക്കണം; നിലപാട് മയപ്പെടുത്തി സിപിഎം

Webdunia
വെള്ളി, 23 ഓഗസ്റ്റ് 2019 (10:38 IST)
ശബരിമല ചവിട്ടാൻ യുവതികളെ നിർബന്ധിക്കേണ്ടതില്ലെന്ന് സിപിഎം. ശബരിമല യുവതി പ്രവേശന നിലപാടിൽ മാറ്റം വേണ്ടെങ്കിലും വിശ്വാസികളുടെ വികാരം മാനിക്കണമെന്നും തീരുമാനം. തെരഞ്ഞെടുപ്പ് പരാജയത്തെ തുടർന്നുള്ള തെറ്റുതിരുത്തൽ നടപടികൾക്കുള്ള സിപിഎമ്മിന്റെ സംഘടനാരേഖയ്ക്ക് ഇന്ന് അന്തിമരൂപമുണ്ടാകും. ജനപിന്തുണ തിരിച്ചുപിടിക്കാൻ പാർട്ടിയും നേതാക്കളും വരുത്തേണ്ട മാറ്റങ്ങൾ കീഴ്‌ഘടകങ്ങളിലേക്ക് റിപ്പോർട്ട് ചെയ്യാൻ തയ്യാറാക്കുന്ന രേഖയിൽ വലിയ തിരുത്തലുകളാണ് സി‌പിഎം ലക്ഷ്യമിടുന്നത്. 
 
ലോക്സഭാ തെരഞ്ഞടുപ്പ് പരാജയം വിലയിരുത്തുന്നതിന്റെ ഭാഗമായി സിപിഎം പ്രവര്‍ത്തകര്‍ ഗൃഹസന്ദര്‍ശനം നടത്തിയിരുന്നു. അതിന്റെ അടിസ്ഥാനത്തില്‍ സമഗ്രമായ ചര്‍ച്ചയാണ് മൂന്ന് ദിവസമായി തുടരുന്ന സംസ്ഥാന കമ്മറ്റിയില്‍ നടന്നത്. പാര്‍ട്ടിയില്‍ അടിമുടി മാറ്റം വേണമെന്ന ആവശ്യമാണ് നേതാക്കള്‍ ചര്‍ച്ചയില്‍ ആവശ്യപ്പെട്ടത്. പരാജയത്തിന്റെ മുഖ്യകാരണം ശബരിമലയാണെന്ന നിലപാടാണ് ഭൂരിപക്ഷം പേരും കൈക്കൊണ്ടത്.
 
ശബരിമല യുവതി പ്രവേശവുമായി ബന്ധപ്പെട്ട് സുപ്രീം കോടതി വിധി വന്നതിന് പിന്നാലെ ചേര്‍ന്ന സിപിഎം സംസ്ഥാന സമിതി ഇക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കിയിരുന്നു. സുപ്രീം കോടതി വിധി സ്വാഗതം ചെയ്യുന്നുവെന്ന് പറഞ്ഞ പാര്‍ട്ടി സെക്രട്ടറി മലചവിട്ടാന്‍ ആരും യുവതികളെ നിര്‍ബന്ധിക്കില്ലെന്നും അഭിപ്രായപ്പെട്ടിരുന്നു. എന്നാല്‍ ഇതിന് വിരുദ്ധമായ നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചത്. ചില ആക്ടിവിസ്റ്റുകളെ നിര്‍ബന്ധിപ്പിച്ച് മല ചവിട്ടിച്ചത് തിരിച്ചടിയായെന്നും, ഇത് മുന്നണിക്കും പാര്‍ട്ടിക്കും ക്ഷീണമായെന്നും സംസ്ഥാനകമ്മറ്റി അംഗങ്ങള്‍ ചര്‍ച്ചയില്‍ വ്യക്തമാക്കി. 

അനുബന്ധ വാര്‍ത്തകള്‍

Next Article