സിപി‌എമ്മിനെ വിമര്‍ശിക്കാന്‍ സിപിഐക്ക് അവകാശമുണ്ട്: വി‌എസ്

Webdunia
ശനി, 28 ഫെബ്രുവരി 2015 (20:09 IST)
സിപിഎമ്മിന്റെ ഏകപക്ഷീയ നിലപാടുകള്‍ ഇടതുമുന്നണി പ്രവര്‍ത്തനങ്ങളെ സാരമായി ബാധിക്കുന്നെന്ന ആരോപണത്തിനൊട് അനുഭാവപൂര്‍ണമായ മറുപടിയുമായി മുതിര്‍ന്ന സിപി‌എം നേതാവും പ്രതിപക്ഷ നേതാവുമായ വി‌എസ് അച്യുതാനന്ദന്‍. സിപിഐക്ക് സിപിഎമ്മിനെ വിമര്‍ശിക്കാന്‍ അവകാശമുണ്ടെന്നും ഒരു പാര്‍ട്ടിക്ക് മറ്റൊരു പാര്‍ട്ടിയെ വിമര്‍ശിക്കാന്‍ അവകാശമുണ്ടെന്നുമാണ് വി‌എസ് പറഞ്ഞത്.
 
അതേസമയം വി‌എസിന് അസൂയയാണെന്ന് പറഞ്ഞ ഇ.പി ജയരാജന്റെ ആരോപണത്തിന് പിന്നീട് മറുപടി നല്‍കാമെന്നും വി‌എസ് വ്യക്തമാക്കി. കോട്ടയത്ത് സിപിഐ സംസ്ഥാന സമ്മേളനത്തില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു വിഎസ്. സിപിഎമ്മിന്റെ ഏകപക്ഷീയ നിലപാടുകള്‍ ഇടതുമുന്നണി പ്രവര്‍ത്തനങ്ങളെ സാരമായി ബാധിക്കുന്നെന്ന് കഴിഞ്ഞ ദിവസം സിപിഐ സംസ്ഥാനസമ്മേളനത്തില്‍ അവതരിപ്പിച്ച രാഷ്ട്രീയറിപ്പോര്‍ട്ടില്‍ വിമര്‍ശിച്ചിരുന്നു.
 
ഘടകകക്ഷികളെ യോജിപ്പിച്ചു കൊണ്ടുപോകേണ്ടതിനുപകരം അവരെ ഭിന്നിപ്പിച്ച് പുറത്തേക്കയയ്ക്കുകയാണെന്നും ഘടകകക്ഷികളോടുള്ള സിപിഎം സമീപനമാണ് ആര്‍എസ്പിയും ജനതാദള്‍ വീരേന്ദ്രകുമാര്‍ വിഭാഗത്തെയും മുന്നണിയില്‍നിന്നകറ്റിയതെന്നുമായിരുന്നു വിമര്‍ശം.