അഞ്ച് പവന്റെ താലിമാല പശു വിഴുങ്ങി, അത് അറിയാതെ പശുവിനെ വിറ്റു; രണ്ട് വർഷത്തിന് ശേഷം ചാണകത്തിൽ നിന്ന് മാല തിരിച്ചുകിട്ടി

Webdunia
വ്യാഴം, 13 ജൂണ്‍ 2019 (10:05 IST)
രണ്ട് വർഷം മുൻപാണ് തുടയന്നൂർ തേക്കിൽ സ്വദേശി ഇല്ല്യാസിന്റെ ഭാര്യയുടെ താലിമാല കാണാതാകുന്നത്. ദുരൂഹ സാഹചര്യത്തിലാണ് മാല കാണാതാകുന്നത്. സംഭവ സമയം അവരുടെ കുറുമ്പി പശു മാത്രമാണ് സ്ഥലത്തുണ്ടായിരുന്നത്. അരിച്ചുപെറുക്കി നോക്കിയിട്ടും മാല കിട്ടാതിരുന്നതോടെ അഞ്ച് പവന്റെ മാല അവർ അങ്ങ് മറന്നു. പശുവിനേയും വിറ്റു.
 
വർഷങ്ങൾക്ക് ശേഷം ഫേസ്ബുക്കിൽ ‌വന്ന കുറിപ്പിനൊപ്പമാണ് തങ്ങളുടെ മാല ഇല്യാസ് കാണുന്നത്. അധ്യാപക ദമ്പതികളായ വയ്യാനം ഫജാൻ മൻസിലിൽ ഷൂജ ഉൾ മുക്കിനും ഷാഹിനയ്ക്കുമാണ് ഇരുവരുടെയും മാല കിട്ടിയത്. ഇവർക്ക് മാല ലഭിച്ചത് ചാണകത്തിൽ നിന്ന്. കൃഷി ആവശ്യത്തിനായി ഇവർ ചാണകം വാങ്ങുന്ന പതിവുണ്ട്. വീടുകളിൽ നിന്നും ചാണകം ശേഖരിച്ചു വിൽപ്പന നടത്തുന്ന കരവാളൂർ സ്വദേശി ശ്രീധരന്റെ കൈയ്യിൽ നിന്ന് 6 മാസം മുൻപ് ഇവർ ചാണകം വാങ്ങിയിരുന്നു. 
 
കൃഷിക്ക് എടുക്കുന്നതിനിടെ കഴിഞ്ഞ 5നാണ് ചാണകത്തിൽ നിന്നും താലിയും മാലയും ദമ്പതികൾക്ക് ലഭിക്കുന്നത്. താലിയിൽ ഇല്യാസ് എന്ന് എഴുതിയിരുന്നു. തുടർന്നാണ് മാലയുടെ ഉടമയെ കണ്ടെത്തുന്നതിനായി ഇവർ സമൂഹമാധ്യമങ്ങളിൽ പ്രചാരണം നൽകിയത്. ഇത് കണ്ടതോടെയാണ് ഇല്യാസ് ഫോണിൽ ഷൂജയുമായി ബന്ധപ്പെടുന്നത്.
 
2 വർഷം മുൻപ് കാണാതായ മാലയാണിതെന്നും പശു വിഴുങ്ങിയതായി അന്നു തന്നെ സംശയം ഉണ്ടായിരുന്നെന്നും ഇല്യാസ് പറഞ്ഞു. ഇതിനിടെ പശുവിനെ ഇല്യാസ് വിറ്റു. പല കൈ മറിഞ്ഞു പശു ഇപ്പോൾ എവിടെയാണെന്ന് ആർക്കും അറിയില്ല. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article