വിയ്യൂർ ജില്ലാ ജയിലിലെ തടവുകാരൻ കോവിഡ് ബാധിച്ചു മരിച്ചു
തൃശൂർ: തൃശൂരിലെ വിയ്യൂർ ജില്ലാ ജയിലിലെ തടവുകാരൻ കോവിഡ് ചികിത്സയിലിരിക്കെ മരിച്ചു. സന്തോഷ് എന്ന 44 കാരനാണു തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ വച്ച് മരിച്ചത്. വയറുവേദന, ഛർദി എന്നീ അസുഖങ്ങളോടെ ആശുപത്രിയിൽ എത്തിയപ്പോഴാണ് കോവിഡ് സ്ഥിരീകരിച്ചത്. പിന്നീട് ജയിലിലെ നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റിയെങ്കിലും ആരോഗ്യനില മോശമായതോടെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.
ജനുവരി പതിനാലിനാണ് സന്തോഷ് ജയിലിൽ എത്തിയത്. ജില്ലയിലെ സി.എഫ്.എൽ.ടി.സി ജയിലായി പ്രവർത്തിക്കുന്ന വിയ്യൂർ ജില്ലാ ജയിലിൽ നിലവിൽ ഏഴു തടവുകാർക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇപ്പോൾ 12 പേര് സമ്പർക്ക പട്ടികയിൽ ക്വറന്റീനിലാണുള്ളത്.
നിലവിലെ കണക്കനുസരിച്ചു സംസ്ഥാനത്തെ എല്ലാ ജയിലുകളിലെയും തടവുകാർക്കും ജീവനക്കാർക്കുമായി ആകെ 488 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. പൂജപ്പുര സെൻട്രൽ ജയിലിൽ ആകെ 262 പേർക്കും കോവിഡ് ഉണ്ട്. ഇതിനൊപ്പം കണ്ണൂർ സെൻട്രൽ ജയിലിലെ പത്ത് തടവുകാർക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.