വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസിനെതിരായ ഹർജി കോടതി തള്ളി. ജേക്കബ് തോമസിനെതിരായ മൂന്ന് ഹർജികളാണ് മൂവാറ്റുപുഴ വിജിലൻസ് കോടതി തള്ളിയത്. തുറമുഖ വകുപ്പു ഡയറക്ടറായിരിക്കെ ഡ്രജർ വാങ്ങിയതിൽ സർക്കാരിനു 15 കോടി രൂപയുടെ നഷ്ടംവരുത്തിയെന്ന ആരോപണത്തില്‍ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടാണ് ഹർജി നൽകിയിരുന്നത്.
ഇടപാടിൽ വിദേശകമ്പനിക്ക് അന്യായ ലാഭം നേടാൻ കഴിയുന്ന തരത്തിൽ ഉദ്യോഗസ്ഥർ പ്രവർത്തിച്ചുവെന്നാണ് ആരോപണം. അഴിമതി നടത്തിയെന്ന ആരോപണങ്ങളിൽ മതിയായ തെളിവുകൾ ഇല്ലെന്ന് കാണിച്ചാണ് കോടതി ഹർജികൾ തള്ളിയത്.
ജേക്കബ് തോമസ് തുറമുഖ ഡയറക്ടറായിരിക്കെ സോളർ പാനൽ സ്ഥാപിച്ചതിൽ സർക്കാരിനു കോടികളുടെ നഷ്ടമുണ്ടാക്കിയെന്ന് ആരോപിക്കുന്ന ഹർജിയും കുടകിലെ അനധികൃതഭൂമി ഇടപാട് ഹർജിയും മൂവാറ്റുപുഴ വിജിലൻസ് കോടതിയിൽ എത്തിയിരുന്നു. ഇതും കോടതി തള്ളുകയായിരുന്നു. മറ്റൊരു ഹർജി പരിഗണിക്കുന്നത് മാർച്ചിലേക്ക് മാറ്റിയിരിക്കുകയാണ്.