മഴക്കെടുതിയിൽ ദുരിതമനുഭവിക്കുന്ന കുടുംബങ്ങളെ സഹായിക്കുന്നതിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യാന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അഭ്യര്‍ഥന. ഇത്തവണത്തെ മഴയിൽ വലരെയധികം നാശനഷ്‌ടങ്ങളാണ് കേരളത്തിൽ സംഭവിച്ചത്.
കാലവർഷത്തെത്തുടർന്ന് 130ലേറെ മനുഷ്യ ജീവനുകൾ നഷ്‌ടപ്പെടുകയും ചെയ്‌തു. കുട്ടനാടൻ മേഖല ഇപ്പോഴും വെള്ളത്തിൽ നിന്ന് മുക്തി നേടിയിട്ടില്ല. ആരുടെയും അഭ്യര്‍ത്ഥനയില്ലാതെ തന്നെ ധാരാളം വ്യക്തികളും സംഘടനകളും സ്ഥാപനങ്ങളും ഈ അവസരത്തില്‍ സഹായവുമായി സര്‍ക്കാരിനെ സമീപിക്കുന്നുണ്ട്.
ഓഖി ദുരന്തമുണ്ടായപ്പോള്‍ കേരളം ഒന്നിച്ചുനിന്നാണ് അതിനെ നേരിട്ടത്. അതുപോലെ നാം കൈകോര്‍ത്തു നില്‍ക്കേണ്ട സന്ദര്‍ഭമാണിത്. സാമ്പത്തിക പരിമിതി കണക്കിലെടുക്കാതെ ദുരിതാശ്വാസത്തിന് സംസ്ഥാന സര്‍ക്കാര്‍ ആവുന്നതെല്ലാം ചെയ്യുന്നുണ്ട്. കൂടുതല്‍ സഹായമെത്തിക്കുന്നതിന് എല്ലാവരുടെയും സഹായവും പിന്തുണയും ആവശ്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.