കപ്പല്‍ ചുഴിയില്‍പ്പെട്ടു? കണ്ടെയ്‌നറുകള്‍ വീണ്ടെടുക്കാന്‍ തീവ്രശ്രമം, ജീവനക്കാർ സുരക്ഷിതർ

നിഹാരിക കെ.എസ്

ഞായര്‍, 25 മെയ് 2025 (08:58 IST)
കൊച്ചി: അറബിക്കടലില്‍ കൊച്ചി തീരത്തിനോട് അടുത്തുണ്ടായ കപ്പല്‍ അപകടത്തില്‍ 24 ജീവനക്കാരും സുരക്ഷിതരെന്ന് റിപ്പോര്‍ട്ടുകള്‍. കൊച്ചി തീരത്ത് നിന്ന് 38 നോട്ടിക്കല്‍ മൈല്‍ അകലെയാണ് അപകടമുണ്ടായത്. തുടര്‍ന്ന് ആദ്യ മണിക്കൂറുകളില്‍ ഒന്‍പത് പേരെ രക്ഷപ്പെടുത്തിയതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ജീവനക്കാര്‍ എല്ലാവരും വിദേശികളാണ്. കപ്പലില്‍ നിന്നുള്ള വസ്തുക്കള്‍ വീണ്ടെടുക്കാന്‍ തീവ്രശ്രമം. ചുഴിയില്‍പ്പെട്ടാണ് കപ്പല്‍ ചെരിഞ്ഞതെന്നാണ് സൂചന.
 
വിഴിഞ്ഞത്ത് നിന്ന് കൊച്ചിയിലേക്ക് പോയ എംഎസ്സി എല്‍സാ 3 എന്ന കപ്പലാണ് അപകടത്തില്‍പ്പെട്ടത്. വിഴിഞ്ഞത്ത് നിന്ന് കൊച്ചിയിലെത്തി പിന്നീട് തൂത്തുക്കുടിയിലേക്ക് പോകേണ്ടതായിരുന്നു കപ്പല്‍. കപ്പലില്‍ ഏകദേശം 400 കണ്ടെയ്നറുകളുണ്ടെന്നാണ് പ്രാഥമിക വിവരം. റൈന്‍ ഗ്യാസ് ഓയില്‍, വെരി ലോ സള്‍ഫര്‍ ഫ്യുവല്‍ എന്നിവയാണ് മറിഞ്ഞ കപ്പലിലെ കണ്ടെയ്നറുകളില്‍ ഉള്ളതെന്നാണ് വിവരം. കപ്പലുകളിലുണ്ടായിരുന്ന കണ്ടെയ്‌നറുകള്‍ കടലില്‍ വീണതിന് പിന്നാലെ ജാഗ്രത മുന്നറിയിപ്പ് നല്‍കിയിരുന്നു. കണ്ടെയ്നറുകള്‍ തീരത്ത് അടിഞ്ഞാല്‍ തൊടരുതെന്നും പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് ദുരന്ത നിവാരണ അതോറിറ്റി.
 
നാവികസേനയുടെ ഡ്രോണിയര്‍ ഹെലികോപ്ടറും ഉള്‍പ്പടെ രക്ഷപ്രവര്‍ത്തനത്തിന് എത്തിയിരുന്നു. കപ്പലില്‍ നിന്ന് കണ്ടെയ്നറുകള്‍ നീക്കി അപകടാവസ്ഥ പൂര്‍ണ്ണമായും ഒഴിവാക്കാനുള്ള തീവ്രശ്രമത്തിലാണ്.  നേവിയുടെയും കോസ്റ്റ് ഗാര്‍ഡിന്റെയും മൂന്ന് കപ്പലുകളും ഒരു വിമാനവുമാണ് രക്ഷാപ്രവര്‍ത്തനത്തിനായി രംഗത്തുള്ളത്. കപ്പലിലെ കണ്ടെയ്‌നറുകളിലുള്ള മറൈന്‍ ഓയലും രാസവസ്തുക്കളും കടലില്‍ പരന്നാല്‍ അപകടകരമായ സ്ഥിതിയുണ്ടാകും.  

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍