കൃത്യസമയത്ത് വാഹനം നന്നാക്കി നല്‍കിയില്ല: 2.12 ലക്ഷം നഷ്ടപരിഹാരത്തിന് വിധി

എ കെ ജെ അയ്യര്‍

ശനി, 20 ഫെബ്രുവരി 2021 (20:27 IST)
റാന്നി: വര്‍ക്ക്ഷോപ്പില്‍ നല്‍കിയ വാഹനം യഥാസമയം നന്നാക്കി നല്‍കാത്തതിനെ തുടര്‍ന്ന് ഉപഭോക്തൃ തര്‍ക്ക പരിഹാര ഫോറം വാഹന ഉടമയ്ക്ക് വര്‍ക്ക്‌ഷോപ്പ് മാനേജര്‍  2.12 ലക്ഷം രൂപ നഷ്ടപരിഹാരമായി  നല്‍കാന്‍ വിധിച്ചു. വെച്ചൂച്ചിറ കൊല്ലമുള കരിപ്ലാമറ്റത്തില്‍ മിനി ജോസഫ് നല്‍കിയ പരാതിയിലാണ് ഈ വിധി.  
 
മിനി ജോസഫിന്റെ ഉടമസ്ഥതയിലുള്ള മരിയ ഫിഷ് മാര്‍ട്ട് എന്ന സ്ഥാപനത്തിന്റെ മഹീന്ദ്ര ബോളേറോ വാഹനം അപകടത്തില്‍ പെട്ടതിനെ തുടര്‍ന്ന് മഹീന്ദ്ര കമ്പനി അവരുടെ നിര്‍ദ്ദേശം അനുസരിച്ച് പറഞ്ഞ വര്‍ക്ക് ഷോപ്പില്‍ റിപ്പയറിനു നല്‍കി. രണ്ടാഴ്ചയ്ക്കുള്ളില്‍ വാഹനം നന്നാക്കി തിരികെ നല്‍കാമെന്ന് വര്‍ക്ക്‌ഷോപ്പ് അധികൃതര്‍ ഉറപ്പു നല്‍കിയിരുന്നു.  മരിയ ഫിഷ് മാര്‍ട്ട് ഈ വാഹനത്തിലായിരുന്നു ദിവസവും നീണ്ടകരയില്‍ നിന്ന് മീന്‍ കൊണ്ടുവന്നു വില്‍പ്പന നടത്തി ഉപജീവനം നടത്തിയിരുന്നത്.
 
എന്നാല്‍ പറഞ്ഞ സമയത്തിനുള്ളില്‍ വാഹനം നല്‍കിയില്ലെന്നും നൂറു ദിവസത്തിലേറെ സമയം മറ്റു വാഹനം ഉപയോഗിച്ചതിനാല്‍ നാലായിരം രൂപ പ്രതിദിനം കണക്കാക്കി രണ്ട് ലക്ഷം രൂപ ചിലവായെന്നും കാണിച്ചാണ് മിനി ജോസഫ് മഹീന്ദ്ര കമ്പനിക്കെതിരെ പരാതി നല്‍കിയത്. ഈ ഹര്‍ജിയില്‍ പരാതിക്കാരന് ചിലവായ രണ്ട് ലക്ഷം നല്‍കാനും നഷ്ടപരിഹാരം എന്ന നിലയ്ക്ക് പതിനായിരം രൂപ നല്‍കാനും വിധിച്ചു. ഇതിനൊപ്പം കോടതി ചിലവായി 20000 രൂപയും നല്‍കാന്‍ വിധിച്ചു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍