ആഗസ്റ്റ് 15ന് വാാഹനത്തെ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു എങ്കിലും ഒക്ടോബർ രണ്ടാം തീയതിയാണ് മഹീന്ദ്ര ഥാറിന്റെ വില പ്രഖ്യാപിച്ചതും ബുക്കിങ് ആരംഭിച്ചതും. എന്നാൽ പുത്തൽ ഥാറിന്റെ എല്ലാ മോഡലുകളും 2021 മെയ് വരെ വിറ്റു തീർന്നു എന്ന വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. മഹീന്ദ്ര തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഥാറിനായുള്ള ബുക്കിങ് ഒരു മാസംകൊണ്ട് 20,000 കടന്നിരുന്നു. അദ്യ നാലു ദിവസത്തിനുള്ളിൽ തന്നെ 9,000 ബുക്കിങ്ങാണ് ഥാർ സ്വന്തമാക്കിയത്. 9.80 ലക്ഷം മുതൽ 13.75 ലക്ഷം വരെയാണ് രണ്ടാം തലമുറ ഥാറിന്റെ എക്സ് ഷോറൂം വില.
വാഹനത്തിനായി ആറുമാസം മുതൽ ഏഴുമാസം വരെ കാത്തിരിയ്ക്കേണ്ട സ്ഥിതിയാണ് ഇപ്പോഴുള്ളത്. ആദ്യം ബുക്ക് ചെയ്ത ഉപയോക്താക്കൾക്ക് 2021 ജനുവരിയിൽ ഡെലിവറി തീയതി നൽകിയിരുന്നു. ബുക്കിങ്ങുകൾ വർധിയ്ക്കുന്ന പശ്ചാത്തലത്തിൽ 2021 മെയ് വരെ ഡെലിവറി തീയതികൾ നീട്ടാൻ മഹീന്ദ്ര നിർബന്ധിതരായി. എന്നാൽ ഇത് മറികടക്കുന്നതിനായി നിർമ്മാണം വർധിപ്പിയ്ക്കാൻ കമ്പനി തീരുമാനിച്ചിട്ടുണ്ട്. പ്രതിമാസം 2,000 വാഹനങ്ങളാണ് ഇപ്പോൾ നിർമ്മിയ്ക്കുന്നത് ഇത് ജനുവരിയോടെ ഇത് 3,000 ആക്കി ഉയർത്താനാണ് തീരുമാനം.
പെട്രോള്‍-ഡീസല്‍ എഞ്ചിനുകളിൽ എഎക്‌സ്, എല്‍എക്‌സ് എന്നിങ്ങനെ രണ്ട് സീരീസുകളിൽ എട്ട് വേരിയന്റുകളായാണ് ഥാര്‍ എത്തുന്നത്. എഎ.ക്സ് അഡ്വഞ്ചര്‍ സീരീസും എല്‍എക്സ് ലൈഫ് സ്റ്റൈല്‍ മോഡലുമായിരിക്കും. 150 ബിഎച്ച്‌പി പവറും 320 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിയ്ക്കുന്ന 2.0 ലിറ്റര്‍ എംസ്റ്റാലിന്‍ പെട്രോള്‍, 130 ബിഎച്ച്‌പി പവറും 300 ടോർക്കും സൃഷ്ടിയ്ക്കുന്ന 2.2 ലിറ്റര്‍ എംഹോക്ക് ഡീസല്‍ എഞ്ചിനുകളാണ് വാഹനത്തിന് കരുത്തുപകരുന്നത്.