ഒരുവർഷം പഴക്കമുള്ള കാർ നൽകി കബളിപ്പിച്ചു;പുതിയ കാറും 50000 രൂപ നഷ്ടപരിഹാരവും നൽകണമെന്ന് ഉപഭോക്തൃ കമ്മീഷൻ ഉത്തരവ്

അഭിറാം മനോഹർ
ചൊവ്വ, 18 ഫെബ്രുവരി 2025 (18:03 IST)
കോട്ടയം: ബുക്ക് ചെയ്ത പുതിയ കാറിന് പകരം ഒരു വര്‍ഷം പഴക്കമുള്ള പഴയ കാര്‍ നല്‍കി കബളിപ്പിച്ചെന്ന പരാതിയില്‍, പുതിയ കാര്‍ നല്‍കാനും 50,000 രൂപ നഷ്ടപരിഹാരം നല്‍കാനും ഉപഭോക്തൃ കമ്മിഷന്‍ ഉത്തരവിട്ടു. വാഴൂര്‍ സ്വദേശി സി.ആര്‍. മോഹനനാണ് മണിപ്പുഴയിലെ ഇന്‍ഡസ് മോട്ടോഴ്‌സിനെതിരെ ഈ പരാതി നല്‍കിയിരുന്നത്.
 
2023 ഡിസംബര്‍ 6-ന് മോഹനന്‍ മാരുതി സെലെറിയോ ഗ്ലിസ്റ്ററിംഗ്രേ നിറത്തില്‍ ഒരു കാര്‍ ബുക്ക് ചെയ്തിരുന്നു. പിന്നീട് ഈ നിറത്തിലുള്ള കാര്‍ സ്റ്റോക്കില്‍ ഇല്ലെന്നും 20 ആഴ്ചയ്ക്ക് ശേഷമേ ലഭ്യമാകൂ എന്നും കമ്പനിയിലെ ഒരു എക്‌സിക്യൂട്ടീവ് അദ്ദേഹത്തെ അറിയിച്ചു. അതിനാല്‍, വെള്ള നിറത്തിലുള്ള കാര്‍ ഡിസംബര്‍ 21-ന് ലഭ്യമാകുമെന്ന് പറഞ്ഞ് മോഹനന്‍ മുഴുവന്‍ തുകയും അടച്ചു. 2024 ജനുവരി 8-ന് കാര്‍ ഡെലിവര്‍ ചെയ്തു.
 
എന്നാല്‍, കാറിന്റെ രേഖകള്‍ പരിശോധിച്ചപ്പോള്‍ അത് ഒരു വര്‍ഷം പഴക്കമുള്ളതാണെന്ന് മോഹനന് മനസ്സിലായി. ഇതിനെ തുടര്‍ന്ന് അദ്ദേഹം ഇന്‍ഡസ് മോട്ടോഴ്‌സിന്റെ അധികൃതരെ സമീപിച്ചെങ്കിലും പ്രതികരണമൊന്നും ലഭിച്ചില്ല. ഇതിനെ തുടര്‍ന്നാണ് അദ്ദേഹം ഉപഭോക്തൃ കമ്മിഷനില്‍ പരാതി നല്‍കിയത്.
 
ഒരു വര്‍ഷം പഴക്കമുള്ള കാര്‍ പരാതിക്കാരന് നല്‍കിയത് അന്യായമായ വ്യാപാര പ്രവര്‍ത്തനവും സേവനത്തിലെ കുറവുമാണെന്ന് അഡ്വ. വി.എസ്. മനുലാല്‍ (പ്രസിഡന്റ്), ആര്‍. ബിന്ദു, കെ.എം. ആന്റോ (മെമ്പര്‍മാര്‍) എന്നിവരടങ്ങിയ കമ്മിഷന്‍ വിലയിരുത്തി. ഇതിനെ തുടര്‍ന്ന്, ഇന്‍ഡസ് മോട്ടോഴ്‌സിനെ 30 ദിവസത്തിനുള്ളില്‍ സമാനമായ ഒരു പുതിയ കാര്‍ നല്‍കാനും 50,000 രൂപ നഷ്ടപരിഹാരം വഴിയും 5,000 രൂപ കോടതി ചെലവും നല്‍കാനും കമ്മിഷന്‍ ഉത്തരവിട്ടു
 

അനുബന്ധ വാര്‍ത്തകള്‍

Next Article