പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ സി പി എം പോളിറ്റ് ബ്യൂറോയ്ക്കെഴുതിയ വിവാദമായ കത്ത് കോണ്‍ഗ്രസ് രാഷ്ട്രീയമായി ഉപയോഗിക്കാനൊരുങ്ങുന്നു. കത്തില്‍ ടിപി ചന്ദ്രശേഖരന്‍ വധം സംബന്ധിച്ച പരാമര്‍ശങ്ങളാണ് കോണ്‍ഗ്രസ് രാഷ്ട്രീയ ആയുധമാക്കുന്നത്. വിഷയത്തില്‍ കെപിസിസി പ്രമേയം പാസാക്കി.
ചന്ദ്രശേഖരന്‍ വധക്കേസില്‍ ഉന്നതതല ഗൂഢാലോചന വ്യക്തമാക്കുന്നതാണ് കത്തെന്നും ഇതിന്റെ അടിസ്ഥാനത്തില്‍ തുടരന്വേഷണം നടത്തണമെന്നും പ്രമേയത്തില്‍ ആവശ്യപ്പെടുന്നു. വി എസിന്‍െറ കത്ത് കേസില്‍ പാര്‍ട്ടിക്കും പിണറായിക്കുമുള്ള പങ്ക് വ്യക്തമാക്കുന്നതാണെന്ന് പ്രമേയം വ്യക്തമാക്കുന്നു.യോഗത്തില്‍ കോണ്‍ഗ്രസിലെ ഗ്രൂപ്പ് പ്രവര്‍ത്തനങ്ങളെ കെ പി സിസി പ്രസിഡന്റ് വി എം സുധീരന്‍ രൂക്ഷമായി വിമര്‍ശിച്ചു. ഗ്രൂപ്പ് പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്ന കര്‍ശന നടപടിയുണ്ടാകുമെന്നും സുധീരന്‍ പറഞ്ഞു.
ഏഴു വാടകക്കൊലയാളികള്‍ക്കൊപ്പം പാര്‍ട്ടി അംഗങ്ങളായ മൂന്നുപേര്‍ക്കും ജീവപര്യന്തം ശിക്ഷ ലഭിച്ചുവെന്നും എന്നാല്‍ ഗൂഢാലോചനയിലെ മുഖ്യസൂത്രധാരന്‍ കുഞ്ഞനന്തനെ പാര്‍ട്ടി സെക്രട്ടറി ന്യായീകരിച്ചെന്നും വി എസ് കത്തില്‍ ആരോപിച്ചിരുന്നു. ഇതുകൂടാതെ കൊലപാതകം നടത്തിയവരെ പുറത്താക്കി പാര്‍ട്ടിയെ സംരക്ഷിക്കുന്നതിനു പകരം അവരെ സംരക്ഷിക്കാനാണ് പാര്‍ട്ടി നേതൃത്വം ശ്രമിച്ചതെന്നും വി എസ് വിമര്‍ശിച്ചിരുന്നു.