കോണ്‍ഗ്രസില്‍ ചര്‍ച്ചകള്‍ മുറുകുന്നു; മത്സരരംഗത്ത് ആരൊക്കെ വേണമെന്ന് ഹൈക്കമാന്‍ഡ് തീരുമാനിക്കും

Webdunia
തിങ്കള്‍, 22 ഫെബ്രുവരി 2016 (09:36 IST)
നിയമസഭ തെരഞ്ഞെടുപ്പ് അടുത്തുവരുന്ന സാഹചര്യത്തില്‍ കോണ്‍ഗ്രസില്‍ സ്ഥാനര്‍ത്ഥി നിര്‍ണയം സംബന്ധിച്ച് ചര്‍ച്ചകള്‍ മുറുകുന്നു. മത്സരരംഗത്ത് ആരൊക്കെ വേണമെന്ന് അന്തിമമായി തീരുമാനിക്കുന്നത് ഹൈക്കമാന്‍ഡ് ആയിരിക്കും. ഇതു സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ തിങ്കളാഴ്ച ഡല്‍ഹിയില്‍ ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
 
തെരഞ്ഞെടുപ്പിന് ആര് നേതൃത്വം നല്കണമെന്നത് അടക്കമുള്ള വിഷയങ്ങളില്‍ ഇന്ന് ചര്‍ച്ച നടക്കും. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല, കെ പി സി സി അധ്യക്ഷന്‍ വി എം സുധീരന്‍ എന്നിവരെ മത്സരരംഗത്ത് ഇറക്കിയേക്കും. ഈ സാഹചര്യത്തില്‍ തെരഞ്ഞെടുപ്പില്‍ ആര് നയിക്കും എന്നത് സംബന്ധിച്ച് അന്തിമതീരുമാനം കൈക്കൊള്ളുക ഹൈക്കമാന്‍ഡ് ആയിരിക്കും.
 
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ് കൂടി നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ആയിരിക്കും ഡല്‍ഹിയിലെ ചര്‍ച്ചകള്‍ പുരോഗമിക്കുക‍. ചര്‍ച്ചകള്‍ക്കായി ഉമ്മന്‍ ചാണ്ടി ഞായറാഴ്ച തന്നെ ഡല്‍ഹിയിലെത്തി. വി എം സുധീരന്‍, രമേശ് ചെന്നിത്തല എന്നിവര്‍ ഇന്നത്തെും. വൈകുന്നേരം മൂന്നു മണിക്കാണ് ചര്‍ച്ച.
 
കൂടുതല്‍ പുതുമുഖങ്ങള്‍ വേണമെന്നും ആരോപണവിധേയരെ ഒഴിവാക്കണമെന്നും കെ പി സി സി യോഗത്തില്‍ നേരത്തേ നിര്‍ദ്ദേശം ഉയര്‍ന്നിരുന്നു.