തെരഞ്ഞെടുപ്പില്‍ തിരിച്ചടി നേരിടുമെന്ന ഭയം; മുന്‍ഭാര്യയുമായുള്ള പ്രശ്‌നങ്ങളും കേസുകളും അവസാനിപ്പിച്ചുവെന്ന് സംയു‌ക്ത പ്രസ്‌താവനയിറക്കി സിദ്ധിഖ്

Webdunia
ചൊവ്വ, 8 മാര്‍ച്ച് 2016 (17:02 IST)
സംസ്ഥാനത്ത് നിയമസഭ തെരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ നില്‍ക്കെ ആരോപണങ്ങളില്‍ നിന്നും വിവാദങ്ങളില്‍ നിന്നും രക്ഷനേടി കോണ്‍ഗ്രസ് നേതാവ് ടി സിദ്ധിഖ്. രോഗിയായ മുൻ ഭാര്യ നസീമയുമായുള്ള വിവാഹമോചനത്തെ തുടർന്നുണ്ടായ പ്രശ്നങ്ങൾ ഒത്തുതീർപ്പിലെത്തിയെന്ന് അദ്ദേഹം തന്നെ ഫേസ്‌ബുക്കിലൂടെ അറിയിച്ചു.

തങ്ങള്‍ക്ക് പരസ്പരം പ്രശ്‌നങ്ങള്‍ ഒന്നുമില്ലെന്നും കേസുകളില്‍നിന്നെല്ലാം പിന്‍വാങ്ങുന്നുവെന്നും ഇരുവരും ഒപ്പിട്ട സംയുക്ത പ്രസ്താവനയില്‍ പറയുന്നു. കുടുംബാംഗങ്ങളും സുഹൃത്തുക്കളും അഭ്യുത കാംക്ഷികളും മാധ്യമ പ്രവർത്തകരും പൊതു സമൂഹവും അറിയുന്നതിനാണ് ഫേസ്‌ബുക്കിലൂടെ ഇത് അറിയിക്കുന്നതെന്നും സിദ്ധിഖ് വ്യക്തമാക്കുന്നുണ്ട്.

കാന്‍‌സര്‍ രോഗം ബാധിച്ചതോടെ നസീമയുമായുള്ള വിവാഹബന്ധം സിദ്ധിഖ് വേര്‍പ്പെടുത്തുകയായിരുന്നു. ഭാര്യക്കെതിരെ നിരവധി ആരോപണങ്ങള്‍ ഉന്നയിച്ച് ഒരുമിച്ച് ജീവിക്കാന്‍ സാധ്യമല്ലെന്ന് വ്യക്തമാക്കുകയുമായിരുന്നു. തുടര്‍ന്ന് ബന്ധം വേര്‍പെടുത്തിയ ശേഷം മറ്റൊരു വിവാഹം കഴിക്കുകയുമായിരുന്നു.

സിദ്ധിഖിന്റെ നിലപാടിനെ വെല്ലുവിളിച്ച്  സസീമ ഫേസ്‌ബുക്കില്‍ പോസ്‌റ്റിട്ടതോടെയാണ് തുടര്‍ന്നുള്ള വിവാദങ്ങള്‍ക്ക് തുടക്കമായത്. ഇതുമായി ബന്ധപ്പെട്ട് നിരവധി വാദപ്രതിവാദങ്ങള്‍ നടക്കുകയും നസീമ സിദ്ധിഖിനെതിരെ നിയമനടപടികള്‍ സ്വീകരിക്കുകയും ചെയ്‌തതിന് പിന്നാലെ രാഷ്‌ട്രീയത്തിലും പൊതുസമൂഹത്തിലും പഴികള്‍ ഏറ്റുവാങ്ങേണ്ടിവന്ന സിദ്ധിഖിന് കെപിസിസി ജനറല്‍ സെക്രട്ടറി സ്ഥാനം ഉപേക്ഷിക്കേണ്ടിവരുകയും ചെയ്‌തു. കെപിസിസി പ്രസിഡന്റ് വിഎം സുധീരനില്‍ നിന്നും വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങേണ്ടിവന്ന സിദ്ധിഖ് കോണ്‍ഗ്രസില്‍ ഒറ്റപ്പെടുന്ന അവസ്ഥയിലുമെത്തി.

തെരഞ്ഞെടുപ്പ് അടുത്തുനില്‍ക്കെ വീണ്ടും കാസര്‍ഗോഡ് മണ്ഡലത്തില്‍നിന്ന് ജനവിധി തേടാനുള്ള ശ്രമത്തിലാണ് സിദ്ധിഖ്. കോണ്‍ഗ്രസില്‍ ഉമ്മന്‍ചാണ്ടിയുടെ വിശ്വസ്തനായ സിദ്ധിഖ് സോളാര്‍ ഉള്‍പ്പെടെയുള്ള അഴിമതി കേസുകളില്‍ സര്‍ക്കാരിനെ പ്രതിരോധിക്കാന്‍ എപ്പോഴും രംഗത്തുണ്ടായിരുന്നുവെങ്കിലും തെരഞ്ഞെടുപ്പ് കളത്തിലെത്തുബോള്‍ നസീമയുമായുള്ള കേസുകള്‍ തിരിച്ചടികള്‍ തിരിച്ചടിയുണ്ടാക്കുന്നുവെന്ന തോന്നലാണ് വിവാഹമോചനത്തെത്തുടർന്നുണ്ടായ പ്രശ്നങ്ങൾ ഒത്തുതീർപ്പാക്കിയതെന്ന് വ്യക്തമാക്കാന്‍ കാരണമായത്. പൊതുസമൂഹത്തില്‍ നിന്നും സ്‌ത്രീകളില്‍ നിന്നും വിമര്‍ശനങ്ങളും എതിര്‍പ്പുകളും ഏറ്റുവാങ്ങേണ്ടിവന്ന സാഹചര്യത്തിലാണ് സിദ്ധിഖ് നയം വ്യക്തമാക്കിയത്.