കോണ്‍ഗ്രസ് നേതൃത്വം ആവശ്യപ്പെട്ടാല്‍ കണ്‍സ്യൂമര്‍ഫെഡ് ചെയര്‍മാന്‍ സ്ഥാനത്തു നിന്നും പുറത്തുപോകാന്‍ തയ്യാറാണെന്ന് ജോയ് തോമസ്. കണ്‍സ്യൂമര്‍ഫെഡ് ചെയര്‍മാനെ മാറ്റണമെന്നു പറയാനുള്ള അധികാരം എം ഡിക്കില്ല. രമേശ് ചെന്നിത്തല പ്രത്യേകം പറഞ്ഞതിനാലാണ് താന്‍ ഈ സ്ഥാനം ഏറ്റെടുത്തതെന്നും ജോയ് തോമസ് പറഞ്ഞു.
തനിക്കെതിരെയുള്ള ആക്ഷേപത്തിനു പിന്നില്‍ ഗ്രൂപ്പ് പോരാണ്. കണ്‍സ്യൂമര്‍ഫെഡില്‍ 273 കോടിയുടെ അഴിമതി ഉണ്ടെന്നാണ് റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്. നന്നായി നടത്തിയ കാര്യങ്ങളിലും അഴിമതി ആരോപിച്ചിട്ടുണ്ട്. അവയൊക്കെ അന്വേഷിക്കാന്‍ വിജിലന്‍സ് ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.
ചെയര്‍മാനെ മാറ്റാന്‍ കെ പി സി സി പ്രസിഡന്റ് വി എം സുധീരന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് കത്ത് നല്‍കിയിരുന്നു. ഈ സാഹചര്യത്തില്‍ ആയിരുന്നു ജോയ് തോമസിന്റെ പ്രതികരണം.