സൂര്യ ടിവിയില്‍ സംപ്രേഷണം നടത്തുന്ന കുട്ടിപ്പട്ടാളം എന്ന പരിപാടിക്കെതിരെ ബാലവകാശ കമ്മീഷനില്‍ പരാതി ലഭിച്ചു. സാമൂഹ്യ പ്രവര്‍ത്തകനായ ഹഷീം കൊളമ്പനാണ് പരാതിയുമായി കമ്മീഷനെ സമീപിച്ചത്. പരാതിയില്‍ കുടുംബത്തില്‍ രഹസ്യമായി നടക്കുന്ന സംസാരങ്ങളാണ് പരിപാടിയില്‍ ചോദ്യകര്‍ത്താക്കള്‍ മിക്കചോദ്യങ്ങളിലും ഉള്‍ക്കൊള്ളിക്കുന്നതെന്നും അത് കുട്ടികളെക്കൊണ്ട് പറയിച്ച് ചാനല്‍ റേറ്റിങ്ങ് കൂട്ടാന്‍ നടത്തുന്ന മൂന്നാം കിട മത്സരം കുടുംബങ്ങളുടെ കെട്ടുറപ്പിനെ ബാധിക്കുമെന്നും പറയുന്നു.
കുട്ടികളുടെ നിഷ്‌കളങ്കതയെ ചൂഷണം ചെയ്യുന്ന പരിപാടിയില്‍ മിക്ക ചോദ്യങ്ങളും ദ്വയാര്‍ത്ഥ പ്രയോഗങ്ങളാണെന്നും മാതാപിതാക്കളുടെ സ്വകാര്യതയിലേക്കാണ് മിക്ക ചോദ്യങ്ങളും കടക്കുന്നതെന്നും പരാതിയില്‍ ചൂണ്ടി കാണിക്കുന്നു. ഈ പരിപാടി കാണുന്ന കുട്ടികളെയും പങ്കെടുക്കുന്ന കുട്ടികളെയും ഇത് ദോഷകരമായി ബാധിക്കുമെന്ന് പരാതിക്കാരന്‍ പറയുന്നു. ദൃശ്യ മാധ്യമങ്ങളുടെ ഉള്ളടക്കം നിയന്ത്രിക്കാന്‍ വ്യതക്തമായ മാര്‍ഗ്ഗനിര്‍ദ്ദേശം ഇല്ലാത്തതും പ്രശ്‌നമാണെന്ന് കമ്മീഷന്‍ അംഗങ്ങളായ നസീര്‍ ചാലിയവും ഗ്ലോറി ജോര്‍ജ്ജും ചൂണ്ടിക്കാട്ടി. ഇത്തരം പരിപാടികള്‍ സംബന്ധിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ കോര്‍ കമ്മറ്റിക്ക് ഉടന്‍ രൂപം നല്‍കുമെന്ന് അവര്‍ അറിയിച്ചു. ചൈല്‍ഡ് ലൈനിലും ഹാഷിം പരാതി നല്‍കിയിട്ടുണ്ട്.