‘മുഖ്യമന്ത്രി ചീഫ് സെക്രട്ടറിയെ ഭയക്കുന്നു; ആഭ്യന്തരമന്ത്രി നോക്കുകുത്തി’

Webdunia
ചൊവ്വ, 24 ജൂണ്‍ 2014 (13:47 IST)
ഇ കെ ഭരത് ഭൂഷണെ മുഖ്യമന്ത്രി ഭയക്കുകയാണെന്നും ചീഫ് സെക്രട്ടറിയെ മാറ്റാന്‍ തയ്യാറാകുന്നില്ലെന്നും വിഎസ് അച്യുതാനന്ദന്‍. ആഭ്യന്തരമന്ത്രിയെ നോക്കുകുത്തിയാക്കി പല കാര്യങ്ങളിലും മുഖ്യമന്ത്രി ഇടപെടുന്നു. പാറ്റൂര്‍ ഭൂമി ഇടപാടില്‍ സിബി‌ഐ അന്വേഷണം നടത്തണമെന്നും വി‌എസ് ആവശ്യപ്പെട്ടു.   
 
ചീഫ് സെക്രട്ടറി ഇ കെ ഭരത്‌ഭൂഷണ് കൊച്ചിയില്‍ മാത്രം അഞ്ച് കോടി രൂപയുടെ ഫ്ലാറ്റ് ഉണ്ടെന്നും ചീഫ് സെക്രട്ടറി തെറ്റായ സ്വത്ത് വിവരം നല്‍കിയ രേഖകള്‍ സഭയില്‍ വെക്കാന്‍ അനുവദിക്കണമെന്നും വിഎസ് ആവശ്യപ്പെട്ടു. എന്നാല്‍ വി എസ് ഉന്നയിച്ച സബ്മിഷന് സ്പീക്കര്‍ അനുമതി നിഷേധിച്ചു. എന്നാല്‍ ചീഫ് സെക്രട്ടറിയെ തുണക്കുന്ന നിലപാടാ‍ണ് സര്‍ക്കാര്‍ കൈക്കൊണ്ടത്. നിയമസഭയില്‍. ഔദ്യോഗികമായി പ്രഖ്യാപിക്കാത്ത ഒരു സ്വത്തും ചീഫ് സെക്രട്ടറിക്കില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു.
 
മന്ത്രിമാരെ ബൈപാസ് ചെയ്യാന്‍ ഒരു ഉദ്യോഗസ്ഥനെയും അനുവദിക്കില്ല, എന്നാല്‍ ഉദ്യോഗസ്ഥരുടെ മനോവീര്യം കെടുത്തില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. തിരുവനന്തപുരം പാറ്റൂരില്‍ സര്‍ക്കാര്‍ ഭൂമി കയ്യേറാന്‍ ചീഫ് സെക്രട്ടറി കമ്പനിക്ക് ഒത്താശ ചെയ്തുവെന്ന് നേരത്തെ വി എസ് നിയമസഭയില്‍ ആരോപണം ഉന്നയിച്ചിരുന്നു. കോടികള്‍ വിലമതിക്കുന്ന വാട്ടര്‍ അതോറിട്ടിയുടെ ഭൂമി മുംബൈ ആസ്ഥാനമായ കമ്പനി കൈയേറിയെന്നായിരുന്നു വിഎസിന്റെ ആരോപണം.