സിനിമാ ബഹിഷ്കരണം പ്രേക്ഷകർ തള്ളി, തിയേറ്ററുകളിൽ വൻ ജനത്തിരക്ക്

Webdunia
ശനി, 15 ജൂലൈ 2017 (20:54 IST)
ജൂലൈ 15ന് പ്രേക്ഷകർ സംസ്ഥാന വ്യാപകമായി സിനിമകൾ ബഹിഷ്കരിക്കുന്നതായുള്ള ചിലരുടെ പ്രഖ്യാപനം പരാജയമായി.  സിനിമാ ബഹിഷ്കരണ സമരം വകവയ്ക്കാതെ കേരളത്തിലങ്ങോളമിങ്ങോളമുള്ള തിയേറ്ററുകളിൽ മികച്ച കളക്ഷനാണ് നിന്നുണ്ടായത്. ഈ സിനിമാ സമരത്തിൽ സിനിമാ പ്രേക്ഷക കൂട്ടായ്മയുടെ പങ്കാളിത്തമില്ലായിരുന്നു എന്നതും ശ്രദ്ധേയമായി. 
 
സിനിമാ രംഗത്തെ മോശം പ്രവണതകൾക്കെതിരെ സിനിമകൾ ബഹിഷ്കരിച്ചുകൊണ്ടല്ല പ്രതികരിക്കേണ്ടത് എന്ന ജനങ്ങളുടെ തിരിച്ചറിവാണ് ഇന്നത്തെ സമരം പരാജയപ്പെടാനുണ്ടായ കാരണം. കഴിഞ്ഞ ദിവസം റിലീസായ സൺഡേ ഹോളിഡേ എന്ന ചിത്രത്തിന് കേരളക്കരയാകെ ഗംഭീര കളക്ഷനാണ് ലഭിച്ചത്. ആ സിനിമ കളിച്ച എല്ലാ സെന്ററുകളുടെയും എല്ലാ ഷോയും ഫുൾ ഹൌസിലാണ്  പ്രദർശിപ്പിച്ചത്. 
 
മലയാള സിനിമാ വ്യവസായം ഇന്ന് വലിയ പ്രതിസന്ധികളിലൂടെയാണ് കടന്നുപോകുന്നത്. അതുകൊണ്ടുതന്നെ നല്ല സിനിമകളെ പ്രോത്സാഹിപ്പിക്കുന്ന നിലപാടാണ് പ്രേക്ഷകരുടെ ഭാഗത്തുനിന്നുണ്ടാകേണ്ടത്. സ്വാർത്ഥതാൽപ്പര്യങ്ങൾക്ക് വേണ്ടി ഒരു വ്യവസായത്തെ തകർക്കാൻ ശ്രമിക്കുന്നവർക്കുള്ള തിരിച്ചടിയാണ് സിനിമ ബഹിഷ്കരണ സമരത്തിനുണ്ടായ പരാജയം.
 
അതേസമയം, സിനിമാമേഖലയിൽ അനാരോഗ്യ പ്രവണതകൾക്കെതിരെ സിനിമാ പ്രേക്ഷക കൂട്ടായ്മ ഈ മാസം പതിനെട്ടാം തീയതി വൈകുന്നേരം അഞ്ചുമണിക്ക് പത്തനംതിട്ട ഗാന്ധി സ്കയറിൽ ദീപം തെളിക്കലും പ്രേക്ഷക കൂട്ടായ്മ സംഘടിപ്പിക്കും.
Next Article