ജുവനൈല്‍ ഹോമുകളില്‍ കടുത്ത മനുഷ്യാവകാശലംഘനമെന്ന് ബാലാവകാശ കമ്മീഷന്‍

Webdunia
വെള്ളി, 29 ഓഗസ്റ്റ് 2014 (12:44 IST)
സംസ്ഥാനത്ത് ജുവനൈല്‍ ഹോമുകളില്‍ കടുത്ത മനുഷ്യാവകാശലംഘനമെന്ന് ബാലാവകാശ കമ്മീഷന്‍. ജുവനൈല്‍ ഹോമുകളില്‍നിന്ന് കുട്ടികള്‍ ചാടിപ്പോകുന്നതിന്റെ യഥാര്‍ത്ഥ കാരണം ജുവനൈല്‍ ഹോമുകളുടെ അരക്ഷിതാവസ്ഥയാണെന്ന് ബാലാവകാശ കമ്മീഷന്റെ റിപ്പോര്‍ട്ട് പറയുന്നു. കടുത്ത ശാരീരിക, മാനസിക പീഡനങ്ങളാണ് ജുവനൈല്‍ ഹോമുകളിലെ ഉദ്യോഗസ്ഥരില്‍നിന്ന് കുട്ടികള്‍ നേരിടുന്നതെന്ന് റിപ്പോര്‍ട്ട് കുറ്റപ്പെടുത്തുന്നു. ശാരിരീകവും മാനസികവുമായ പീഡനങ്ങള്‍ക്ക് ജുവനൈല്‍ ഹോമുകളിലെ കുട്ടികള്‍ നിരന്തരം വിധേയരാകുന്നതാണ് കുട്ടികള്‍ ചാടിപോകുന്ന സാഹചര്യങ്ങളിലേയ്ക്ക് എത്തിച്ചതെന്നും ബാലാവകാശ കമ്മീഷന്‍ റിപ്പോര്‍ട്ടും ചൂണ്ടിക്കാട്ടുന്നു.
 
സംസ്ഥാനത്തെ ബാലാവകാശ കമ്മീഷന്‍ സര്‍ക്കാരിന് സമര്‍പ്പിച്ച റിപ്പോര്‍ട്ട് പരിശോധിച്ചാല്‍ അത്രയും കണ്ട് മനുഷ്യാവകാശ ലംഘനങ്ങളാണ് ജൂവൈനല്‍ ഹോമുകളില്‍ നടക്കുന്നതെന്ന് വ്യക്തമാകും. വേണ്ടത്ര യോഗ്യതയില്ലാത്തവരാണ് ജീവനക്കാരില്‍ അധികവും. കൊടും കുറ്റവാളികളോട് പെരുമാറുന്നത് പോലെയാണ് ഇവരുടെ പെരുമാറ്റവുമെന്ന് റിപ്പോര്‍ട്ട് ചൂണ്ടികാട്ടുന്നു.
 
ജൂവൈനല്‍ ഹോമുകളും ആഫ്റ്റര്‍ കെയര്‍ ഹോമുകളും ഏരേ മതില്‍ കെട്ടിലാണ് പ്രവര്‍ത്തിക്കുന്നതെന്നും ഇത് നിയമത്തിന്റെ കടുത്ത ലംഘനമാണെന്നും റിപ്പോര്‍ട്ട് പരമാര്‍ശിക്കുന്നു.കുട്ടികള്‍ക്ക് അസുഖം വന്നാല്‍ പരിശോധനയും കൃത്യമായ ഇടവേളകളില്‍ നടക്കേണ്ട കൗണ്‍സലിംഗും നടക്കാറില്ലെന്നും റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തുന്നു. സ്വവര്‍ഗ്ഗരതി തടയാനെന്ന പേരില്‍ രാത്രികാലങ്ങളില്‍ മുഴുവന്‍ ലൈറ്റിട്ടു വയ്ക്കുമെന്നും അതിനാല്‍ ഉറങ്ങാന്‍ തന്നെ കഴിയാറില്ലെന്നും ബാലാവകാശ കമ്മീഷന് മുന്നില്‍ കുട്ടികള്‍ ഏറ്റുപറയുന്നു. ജൂവൈനല്‍ഹോമുകളിലേയ്ക്ക് എത്തുന്ന സംഭാവനകള്‍ക്കും സര്‍ക്കാര്‍ ചെലവഴിക്കുന്ന പണത്തിനും ഒരു കണക്കും സൂക്ഷിക്കുന്നില്ല.