ചിക്കുവിന്റെ കൊലപാതകത്തില്‍ ഭര്‍ത്താവിന് പങ്കില്ലെന്ന് സൂചന; മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാന്‍ അനുവദിക്കാതെ ഒമാന്‍ പൊലീസ്

Webdunia
ബുധന്‍, 27 ഏപ്രില്‍ 2016 (11:48 IST)
ഒമാനിലെ സലാലയിൽ കൊല്ലപ്പെട്ട മലയാളി നഴ്‌സ് ചിക്കു റോബർട്ടിന്റെ മരണത്തില്‍ ഭര്‍ത്താവ് ലിന്‍സിന് ബന്ധമില്ലെന്ന് റിപ്പോര്‍ട്ട്. ചിക്കുവിന്റെ കുടുംബത്തിനോ ഒമാന്‍ പൊലീസിനോ അത്തരത്തിലൊരു സംശയമില്ലെന്നും കേസിന്റെ അന്വേഷണത്തിന്റെ ഭാഗമായിട്ടാണ് ഇയാളെ പൊലീസ് കസ്‌റ്റഡിയിലെടുത്തതെന്നുമാണ് പുറത്തുവരുന്ന വാര്‍ത്തകള്‍.

മോഷണശ്രമമാണോ അതോ മറ്റെന്തെങ്കിലും കാരണമാണോ കൊലപാതകത്തിലേക്കു നയിച്ചതെന്ന് പൊലീസ് പരിശോധിക്കുന്നുണ്ട്. ചിക്കുവുമായും ഭർത്താവ് ലിൻസനുമായും അടുപ്പമുണ്ടായിരുന്നവരിൽ നിന്നും സഹപ്രവർത്തകരിൽ നിന്നും പൊലീസ് വിവരങ്ങൾ ശേഖരിക്കുന്നുണ്ട്. ഒമാൻ പൊലീസിന്റെ കസ്റ്റഡിയിലുള്ള ലിൻസന് സുഹൃത്തുക്കൾ നിയമസഹായം ഏർപ്പാടാക്കിയിട്ടുണ്ട്.

പോസ്റ്റ്മോർട്ടത്തിനു ശേഷം സുൽത്താൻ ഖാബൂസ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടിലെത്തിക്കാൻ ഇന്ത്യൻ എംബസിയുടെ ഭാഗത്തു നിന്നുള്ള നടപടി പൂർത്തീകരിച്ചിട്ടുണ്ട്. എന്നാല്‍, ഈ സാഹചര്യത്തില്‍ ചിക്കുവിന്റെ മൃതദേഹം നാട്ടിലെത്തിക്കുന്നതു വൈകിയേക്കും. പൊലീസ് അന്വേഷണം തുടരുന്നതിനാൽ മൃതദേഹം നാട്ടിലേക്കു കൊണ്ടുപോകാൻ അധികൃതർ അനുമതി നല്‍കാത്തതാണ് കാരണം. മൃതദേഹം വിട്ടുകിട്ടാനുള്ള അപേക്ഷ റോയൽ ഒമാൻ പൊലീസിന്റെ പരിഗണനയിലാണ്.
Next Article