സംസ്ഥാനത്തെ മുഴുവന്‍ പഞ്ചായത്തുകളിലും സപ്ലൈകോ യൂണിറ്റുകള്‍ ഉറപ്പുവരുത്തും: മുഖ്യമന്ത്രി

എ കെ ജെ അയ്യര്‍

വെള്ളി, 25 സെപ്‌റ്റംബര്‍ 2020 (09:49 IST)
കേരളത്തിലെ മുഴുവന്‍ പഞ്ചായത്തുകളിലും സപ്ലൈകോ യൂണിറ്റുകള്‍ ഉറപ്പ് വരുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. മാവേലി ഉല്‍പ്പന്നങ്ങള്‍ റേഷന്‍ കടകള്‍ വഴിയും വിതരണം ചെയ്യും. സപ്ലൈകോ വില്‍പ്പനശാലകളില്‍ നിന്ന് വീടുകളില്‍ സാധനങ്ങള്‍ ലഭ്യമാക്കുന്ന സംവിധാനം ആരംഭിക്കാന്‍ ഉദ്ദേശിക്കുന്നു. ഇതിനുള്ള ഓര്‍ഡറുകള്‍ ഓണ്‍ലൈനായി സ്വീകരിക്കും.
 
മുന്‍ഗണനാ വിഭാഗത്തിനുള്ള ഗോതമ്പ് വിഹിതം ആട്ടയാക്കി വിതരണം ചെയ്യാന്‍ ആലോചിച്ചിട്ടുണ്ട്. സപ്ലൈകോയുടെ മെഡിക്കല്‍ സ്റ്റോറുകള്‍ കൂടുതല്‍ ആരംഭിക്കും. ഗൃഹോപകരണങ്ങള്‍ക്ക് പ്രത്യേക വില്‍പ്പനശാലകള്‍ തുറക്കാനും സപ്ലൈകോ തീരുമാനിച്ചിട്ടുണ്ട്. പൊതുവിപണിയില്‍ വില നിയന്ത്രിച്ചു നിര്‍ത്തുന്നതിന് ഉയര്‍ന്ന വിഹിതം സപ്ലൈകോയ്ക്ക് അനുവദിക്കുന്നുണ്ട്. ഈ സര്‍ക്കാരിന്റെ ആദ്യ മൂന്നു വര്‍ഷങ്ങളില്‍ 200 കോടി രൂപ വീതവും 2019-20ല്‍ 150 കോടി രൂപയുമാണ് വിപണി ഇടപെടലിന് നല്‍കിയത്.
 
പൊതുവിപണിയേക്കാള്‍ 60 ശതമാനം വരെ വിലക്കുറവിലാണ് 14 ഇനം അവശ്യസാധനങ്ങള്‍ സപ്ലൈകോ വിതരണം ചെയ്യുന്നത്. വീട്ടു നമ്പര്‍ ഇല്ലാത്തവര്‍ക്കും വീടില്ലാത്തവര്‍ക്കും റേഷന്‍ കാര്‍ഡ് നല്‍കാന്‍ തീരുമാനിച്ചു. റേഷന്‍ കാര്‍ഡിന് ഓണ്‍ലൈനായി അപേക്ഷ നല്‍കാം. അക്ഷയ സെന്റര്‍ വഴി അപേക്ഷി ക്കുന്നവര്‍ക്ക് 24 മണിക്കൂറിനകം കാര്‍ഡ് നല്‍കണമെന്നാണ് തീരുമാനം. ഇപ്പോള്‍ സംസ്ഥാനത്ത് 88.42 ലക്ഷം കാര്‍ഡുടമകളാണ് ഉള്ളത്. 8.22 ലക്ഷം കാര്‍ഡുകള്‍ ഈ സര്‍ക്കാര്‍ പുതിയതായി വിതരണം ചെയ്തതായി മുഖ്യമന്ത്രി പറഞ്ഞു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍