ചേരാനെല്ലൂര്‍ മര്‍ദ്ദനം: ഹൈക്കോടതി സര്‍ക്കാരിനോട് റിപ്പോര്‍ട്ട് തേടി

Webdunia
വെള്ളി, 19 സെപ്‌റ്റംബര്‍ 2014 (18:13 IST)
ചേരാനെല്ലൂരില്‍ യുവതിയെ മര്‍ദ്ദിച്ച സംഭവത്തില്‍ ഹൈക്കോടതി സര്‍ക്കാരിനോട് റിപ്പോര്‍ട്ട് തേടി. നടപടി ആവശ്യപ്പെട്ടിട്ടുളള പൊതുതാല്‍പര്യ ഹര്‍ജിയിലാണ് കോടതിയുടെ നിര്‍ദേശം. നാലാഴ്ചക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും സര്‍ക്കാരിനോട് കോടതി ആവശ്യപ്പെട്ടു.
 
യുവതിയെ പൊലീസ് സ്റ്റേഷനില്‍ ക്രൂരമര്‍ദ്ദനത്തിന് ഇരയാക്കിയ സംഭവത്തില്‍ നടപടിയെടുക്കുമെന്ന് ഐജി ഉറപ്പുനല്‍കിയതായി സമരസമിതി വ്യക്തമാക്കിയിരുന്നു. കണ്ണില്‍ മുളക് തേച്ചതിന് ശേഷം നട്ടെല്ലിന് ചവിട്ടി 36 മണിക്കൂറോളമാണ് പോലീസ് യുവതിക്ക് നേരെ മൂന്നാം മുറ പ്രയോഗിച്ചത്. സംയുക്ത സമരസമിതി പ്രവര്‍ത്തകര്‍ ഇത് സംബന്ധിച്ച് ആഭ്യന്തരമന്ത്രിക്ക് നിവേദനം സമര്‍പ്പിച്ചിരുന്നു. പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍ യുവതിയെ ആശുപത്രിയിലെത്തി സന്ദര്‍ശിച്ചിരുന്നു.
 
മാല മോഷ്ടിച്ചെന്ന് ആരോപിച്ച് കഴിഞ്ഞ മാസം 23 നാണ് യുവതിയെ ക്രൂരമായി മര്‍ദ്ദിച്ചത്. എറണാകുളത്തെ പ്രമുഖ സ്വകാര്യ ആശുപത്രിയിലെ ഡോക്ടറുടെ വീട്ടില്‍ ജോലിചെയ്തിരുന്ന യുവതിയെയാണ് മാല മോഷ്ടിച്ചെന്ന് ആരോപിച്ച് പോലീസ് ക്രൂരമായി മര്‍ദിച്ചത്.