കേരള രാഷ്ട്രീയം ഉറ്റുനോക്കുന്ന ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ തുടരുന്നു. രണ്ടാം റൌണ്ടിലും സി പി എം സ്ഥാനാർത്ഥി സജി ചെറിയാൻ മുന്നിൽ നിൽക്കുന്നു. പാണ്ടനാട് പഞ്ചായത്തിലെ വോട്ടെണ്ണൽ പൂർത്തിയായപ്പോൾ 2860 വോട്ടിന്റെ ലീഡാണ് സജി ചെറിയാൻ സ്വന്തമാക്കിയിരിക്കുന്നത്.
288 വോട്ടിന്റെ ലീഡ് യു ഡി എഫിന് നൽകിയ പഞ്ചായത്താണ് പാണ്ടനാട്. പക്ഷേ, തുടക്കം മുതൽ ശക്തമായ ലീഡ് നിലനിർത്താൻ സജി ചെറിയാന് സാധിച്ചു. എൽ ഡി എഫ് തരംഗമാണ് ചെങ്ങന്നൂർ കാണുന്നത്.
യു ഡി എഫിന്റെ ശക്തികേന്ദ്രങ്ങളായിരുന്ന മാന്നാറും പാണ്ടനാടും യുഡിഎഫിനെ കൈവിട്ട കാഴ്ചയാണ് ഇപ്പോൾ കാണുന്നത്. എൽ ഡി എഫിന്റെ അപ്രതീക്ഷിതമായ മുന്നേറ്റും അണികൾക്കിടയിലും ആവേശം പകർത്തുകയാണ്. പ്രതീക്ഷിച്ചതിനേക്കാൾ വലിയ മുന്നേറ്റമാണ് ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിൽ എൽ ഡി എഫിന് ലഭിക്കുന്നത്.
കഴിഞ്ഞ തവണ യു ഡി എഫിന് മുന്നേറ്റമുണ്ടായ മണ്ഡലമായിരുന്നു പാണ്ടനാട്. ഇവിടെയും ഇത്തവണ വലിയ ആധിപത്യമാണ് എൽ ഡി എഫ് കാഴ്ച വെച്ചിരിക്കുന്നത്. യു ഡി എഫിന്റെ കണക്കുകൂട്ടലുകൾ തെറ്റുകയാണ്.
യു ഡി എഫിന്റെ ശക്തികേന്ദ്രമായ മണ്ഡലത്തിൽ എൽ ഡി എഫ് ആദ്യ ലീഡ് ഉയർത്തിയത് യു ഡി എഫിന് ക്ഷീണമായിരിക്കുകയാണെന്ന് വ്യക്തം. പതിമൂന്ന് റൗണ്ടുകളിൽ വോട്ടെണ്ണൽ പൂർത്തിയാകും. ചെങ്ങന്നൂരിന്റെ നായകൻ ആരാണെന്ന് പത്തരയോടെ അറിയാനാകും. 12 മണിയോടെ പൂർണ്ണ ഫലവും ലഭ്യമാകും.