തുഷാറിനെതിരായ കേസ്: ചെക്ക് പണം നല്‍കി സംഘടിപ്പിച്ചെന്ന് സൂചന - നാസിലിന്റെ ശബ്ദസന്ദേശം പുറത്ത്

Webdunia
തിങ്കള്‍, 2 സെപ്‌റ്റംബര്‍ 2019 (10:39 IST)
ബിഡിജെഎസ് അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളിയെ ചെക്ക് കേസ് ഗൂഡാലോചനയുടെ ഭാഗമാണെന്ന് വ്യക്തമാക്കുന്ന ശബ്ദസന്ദേശം പുറത്ത്. തുഷാറിനെതിരെ കേസു കൊടുക്കാന്‍ പരാതിക്കാരന്‍ നാസിൽ അബ്ദുല്ല
കാശ് നല്‍കി ചെക്ക് സംഘടിപ്പിച്ചതായുള്ള വാട്സാപ് സന്ദേശങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.

കൂട്ടുകാരന് അഞ്ച് ലക്ഷം രൂപ നൽകിയാൽ തുഷാറിന്റെ ഒപ്പുള്ള ബ്ലാങ്ക് ചെക്ക് തന്റെ കയ്യിൽ കിട്ടുമെന്ന് നാസിൽ സുഹൃത്തിനോട് പറയുന്ന ശബ്ദ സന്ദേശമാണ് പുറത്തായത്. ഇതിനായി പണം തന്ന് സഹായിക്കണമെന്നും നാസില്‍ സുഹൃത്തിനോട് പറയുന്നുണ്ട്.

ചെക്ക് കൈവശമുള്ളയാള്‍ക്ക് കേസ് നല്‍കാന്‍ താല്‍പര്യമില്ല. അതിനാല്‍ പണം കൊടുത്താല്‍ ചെക്ക് സ്വന്തമാക്കാം. തുഷാര്‍ ജയിലിലായാല്‍ വെള്ളാപള്ളി ഇടപെടും. വെള്ളാപ്പള്ളിയുടെ കൈയില്‍ ധാരാളം പണമുണ്ട്.  ചെക്കില്‍ ആറുമില്യണ്‍വരെ കിട്ടുന്ന പണം വാങ്ങി ഒത്തു തീർപ്പാക്കാനാണു തന്റെ ഉദ്ദേശം. കേസിന് ബലം നൽകാനുള്ള രേഖകളൊക്കെ താൻ സംഘടിപ്പിച്ചുവരികയാണെന്നും സന്ദേശത്തില്‍ നാസില്‍ പറയുന്നു.

തുഷാര്‍ അടുത്ത ദിവസം തന്നെ ദുബായിലെത്തുന്നുണ്ടെന്നും അപ്പോള്‍ തന്നെ കുടുക്കണം. ദുബായിയില്‍ കേസ് കൊടുത്താല്‍ ശരിയാവില്ല, ഷാര്‍ജയില്‍ കേസ് കൊടുക്കണം. നിയമോപദേശം കണക്കിലെടുത്താണെന്നും പണം വാങ്ങി ഒത്തു തീര്‍പ്പാക്കാനാണു പരിപാടി എന്നും നാസില്‍ നാട്ടിലെ സുഹൃത്തിനയച്ച ശബ്ദ സന്ദേശത്തില്‍ പറയുന്നുണ്ട്.

തനിക്ക് തരാനുള്ള പണം കുറെയൊക്കെ തുഷാര്‍ തന്നിട്ടുണ്ട്. പക്ഷെ ഒരു പൈസ പോലും കിട്ടിയിട്ടില്ല എന്ന് താന്‍ പറഞ്ഞാല്‍ തുഷാറിന് അത് തെളിയിക്കാന്‍ കഴിയില്ല. തുഷാറിന്റെ ദൗര്‍ബല്യങ്ങള്‍ താന്‍ മനസ്സിലാക്കിയിട്ടുണ്ട്. യാതൊന്നും നോക്കാതെ ബ്ലാങ്ക് ചെക്കും അഗ്രിമെന്റ് കടലാസുകളുമൊക്കെ ഒപ്പിട്ട് നല്‍കുന്ന തുഷാറിന്റെ രീതി കൈവിട്ട കളിയാണെന്നും നാസില്‍ സുഹൃത്തിനോട് വെളിപ്പെടുത്തുന്നുണ്ട്.

തുഷാറിനെതിരെ ചെക്ക് കേസ് നല്‍കുന്നതിന് ഏതാണ്ട് ഒരു മാസം മുമ്പാണ് നാസില്‍ കേരളത്തിലെ സുഹൃത്തിന് ഈ ശബ്ദ സന്ദേശങ്ങള്‍ അയച്ചത്. അതേസമയം, ശബ്ദ സന്ദേശം വളച്ചൊടിച്ചതാണെന്ന് നാസില്‍ പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

Next Article