തുഷാറിനുവേണ്ടി കത്തയച്ച മുഖ്യമന്ത്രിയുടെ നീക്കം തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് ?

വ്യാഴം, 22 ഓഗസ്റ്റ് 2019 (18:06 IST)
ബിഡിജെഎസ് നേതാവ് തുഷാർ വെള്ളാപ്പള്ളി ചെക്ക് കേസിൽ ദുബയിൽ അറസ്റ്റിലായതിൽ സഹായം അഭ്യർത്ഥിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്ര സർക്കാരിന് കത്തയച്ചത് തെല്ലോരു അതിശയത്തോടെ വേണം നോക്കി കാണാൻ. ഒരു ചെക്ക് കേസിൽ മുഖ്യമന്ത്രിക്ക് എന്ത് കാര്യം എന്ന് സ്വാഭാവികമായും ചോദ്യം ഉന്നയിക്കാം. 
 
ബിജെപിയുടെ സഖ്യ കക്ഷിയായി ഇടതുപക്ഷത്തിനെതിരെ വയനാട്ടിൽ മത്സരിച്ച ആളാണ് തുഷാർ വെള്ളാപ്പള്ളി. മുഖ്യമന്ത്രി കേന്ദ്ര സർക്കാരിനയച്ചിരിക്കുന്ന കത്തിൽ പക്ഷേ ബിഡിജെഎസിനെ കുറിച്ച് പറയുന്നില്ല. എസ്എൻഡി‌പി വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി എന്നാണ് പറയുന്നത്. ഇത് വരാനിരിക്കുന്ന നിയമസഭ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണ് എന്ന് ന്യായമായും സംശയിക്കാം.  
 
എസ്എൻഡി‌പിയെ അടിസ്ഥാനമാക്കി ബി‌ഡി‌ജെഎസ് എന്ന പാർട്ടി രൂപീകരിച്ചെങ്കിലും. എസ്എൻഡിപി‌യുടെ പൂർണമായ പിന്തുണയൊന്നും പാർട്ടിക്ക് കിട്ടാറില്ല. പാർട്ടി ബിജെപിക്കൊപ്പം നിക്കുന്നതിൽ എസ്എൻഡിപിയിൽ വലിയ ഒരു വിഭാഗത്തിന് എതിർപ്പും ഉണ്ട്. ഇതുകാരണം തന്നെ തിരഞ്ഞെടുപ്പിൽ കാര്യമായ നേട്ടം കൈവരിക്കാൻ ബിഡിജെഎസിനാകാറില്ല.
 
എസ്എൻ‌ഡിപിയിലെ ബിഡി‌ജെഎസ് വിരോധികളെ തങ്ങൾക്കൊപ്പം നിർത്താൻ ഇടത് വലത് മുന്നണികൾ തിരഞ്ഞെടുപ്പ് സമയത്ത് നടത്തുന്ന ശ്രമങ്ങൾ നമ്മൾ കാണാറുള്ളതാണ്. വെള്ളാപ്പള്ളി നടേശൻ ഇടതുപക്ഷത്തിന് പ്രത്യേകിച്ച് സിപിഎമ്മിന് അനുക്കുലമായ നിലപാടാണ് കുറച്ച് കാലമായി സ്വീകരിക്കുന്നത്. ഈ പിന്തുണ കൂടുതൽ ഉറപ്പിക്കാൻ കൂടിയാണ് മുഖ്യമന്ത്രിയുടെ നീക്കം എന്നാണ് വിലയിരുത്തപ്പെടുന്നത്.  

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍