ചാവക്കാട് ഹനീഫ വധക്കേസിൽ കോൺഗ്രസ് നേതാവ് ഗോപപ്രതാപനെ ഒഴിവാക്കി കുറ്റപത്രം സമർപ്പിച്ചതിനെതിരെ
ഹനീഫയുടെ കുടുംബം രംഗത്ത്. ഹനീഫ വധം കോണ്‍ഗ്രസിലെ ഗ്രൂപ്പ് പോരിനെത്തുടര്‍ന്നെന്ന കുറ്റപത്രം അംഗീകരിക്കിന്‍ കഴിയില്ല. പണത്തിന്റെ സ്വാധീനം കൊണ്ടാണ് ഗോപപ്രതാപനെ പ്രതി ചേർക്കാത്തതെന്നും ഹനീഫയുടെ സഹോദരൻ വ്യക്തമാക്കി.
ഹനീഫാ വധക്കേസിന് പിന്നിലെ ഗൂഢാലോചന പുറത്ത് കൊണ്ടുവരണം. നീതിക്കായുളള നിയമ പോരാട്ടം തുടരും. നിയമയുദ്ധം തുടരുക തന്നെ ചെയ്യും. ഇതുവരെയുള്ള അന്വേഷണത്തില്‍ തൃപ്‌തരല്ല. പാര്‍ട്ടി കുറ്റക്കാരനാണെന്ന് കണ്ടെത്തിയിട്ടും പൊലീസിനും സര്‍ക്കാരിനും അത് കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. കേസിന്റെ കുറ്റപത്രം ലഭിച്ചാല്‍ ഹൈക്കോടതിയെ സമീപിക്കുമെന്നും ഹനീഫയുടെ സഹോദരന്‍ വ്യക്തമാക്കി.
കൊലപാതകത്തിന്റെ സൂത്രധാരൻ ഗോപപ്രതാപനാണെന്ന് ഹനീഫയുടെ ഉമ്മ മൊഴി നൽകിയെങ്കിലും തെളിവില്ലെന്നു പറഞ്ഞു പൊലീസ് മൊഴി ഒഴിവാക്കി. ഹനീഫയുടെ കുടുംബമടക്കമുള്ളവര്‍ സംഭവത്തില്‍ മൊഴി നല്‍കിയിട്ടും ഗോപപ്രതാപനെ ഒഴിവാക്കി കുറ്റപത്രം സമർപ്പിച്ചുവെന്നും ഹനീഫയുടെ സഹോദരന്‍ പറഞ്ഞു.
അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈഎസ്പി മോദൻദാസിന്റെ നേതൃത്വത്തിലാണ് ചാവക്കാട് കോടതിൽ കുറ്റപത്രം സമർപ്പിച്ചത്. ഗ്രൂപ്പ് വഴക്കിനെ തുടർന്നുണ്ടായ വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് കുറ്റപത്രത്തിൽ വ്യക്തമാക്കുന്നു. കൊലപാതകത്തിന്റെ സൂത്രധാരൻ ഗോപപ്രതാപനാണെന്ന് ഹനീഫയുടെ ഉമ്മ മൊഴി നൽകിയിരുന്നു. തെളിവില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഗോപപ്രതാപനെ കുറ്റപത്രത്തിൽ നിന്ന് ഒഴിവാക്കിയത്.
ചാവക്കാട് ജ്യുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്‍ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. ഷമീര്‍, അന്‍സാര്‍, അഫ്സല്‍, ഷംസീര്‍, റിന്‍ഷാദ്, ഫസല്‍, സിദ്ദിഖ്, ആബിദ് എന്നിവരാണ് പ്രതിപ്പട്ടികയിലുള്ളത്. എട്ടുപേരെയും നേരത്തെ അന്വേഷണ സംഘം പിടികൂടിയിരുന്നു.