യുവതിയുടെ കസ്റ്റഡി മരണത്തില്‍ പൊലീസിന് വീഴ്ചപറ്റിയെന്ന് ചെന്നിത്തല

Webdunia
തിങ്കള്‍, 12 മെയ് 2014 (14:34 IST)
ചങ്ങരംകുളം സ്‌റ്റേഷനില്‍ മൊഷണക്കേസില്‍ കസ്റ്റഡിയിലെടുത്ത യുവതി തൂങ്ങി മരിച്ച സംഭവത്തില്‍ പോലീസിന്‌ വീഴ്‌ച പറ്റിയെന്ന്‌ ആഭ്യന്തരമന്ത്രി രമേശ്‌ ചെന്നിത്തല. ചങ്ങരംകുളം സ്‌റ്റേഷനില്‍ മിന്നല്‍ പരിശോധന നടത്തിയ ശേഷമാണ്‌ ചെന്നിത്തല ഇക്കാര്യം പറഞ്ഞത്.

കസ്‌റ്റഡിയിലെടുക്കുമ്പോള്‍ പാലിക്കേണ്ട മാനദണ്ഡങ്ങള്‍ അനീഷയുടെ കാര്യത്തില്‍ പാലിച്ചിരുന്നില്ലെന്നും ചട്ടങ്ങള്‍ മരിച്ച അനീഷയുടെ കുടുംബത്തിന്‌ സര്‍ക്കാര്‍ സഹായം നല്‍കുമെന്നും ചെന്നിത്തല വ്യക്‌തമാക്കി.

ചങ്ങരംകുളം സംഭവത്തിന്റെ പശ്‌ചാത്തലത്തില്‍ എല്ലാ സ്‌റ്റേഷനുകളും രണ്ടാഴ്‌ചയിലൊരിക്കല്‍ ഉയര്‍ന്ന ഉദ്യോഗസ്‌ഥര്‍ പരിശോധിക്കണമെന്ന നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

കസ്‌റ്റഡിമരണവുമായി ബന്ധപ്പെട്ട്‌ നിലവില്‍ സസ്‌പെന്‍ഷനിലായിരിക്കുന്ന ഉദ്യോഗസ്‌ഥര്‍ക്കെതിരെ ക്രൈംബ്രാഞ്ച്‌ അന്വേഷണത്തിനു ശേഷം കൂടുതല്‍ നടപടിയുണ്ടാകുമെന്നും ജനമൈത്രി പൊലീസ്‌ സംവിധാനം ദുരുപയോഗം ചെയ്യുന്നവര്‍ സര്‍വീസിലുണ്ടാകില്ലെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.