ചന്ദ്രബോസ് കൊലക്കേസ്: അന്വേഷണവും, കുറ്റപത്രവും റെക്കോഡ് വേഗത്തില്‍ പൂര്‍ത്തിയായി

Webdunia
ചൊവ്വ, 17 മാര്‍ച്ച് 2015 (07:54 IST)
സെക്യൂരിറ്റി ജീവനക്കാരന്‍ ചന്ദ്രബോസിനെ ആഡംബരക്കാര്‍ ഇടിപ്പിച്ച് കൊന്ന കേസിന്റെ അന്വേഷണം പൂര്‍ത്തിയായതായി സൂചന. സിറ്റി പൊലീസ് കമ്മിഷണറുടെ സസ്പെന്‍ഷനടക്കം നാടകീയ മുഹൂര്‍ത്തങ്ങള്‍ക്കുവരെ സാക്ഷ്യംവഹിച്ച അന്വേഷണം പൂര്‍ത്തിയായത് 45 ദിവസംകൊണ്ടാണ്. പ്രതി നിസാമിനെതിരായ കുരപത്രെഅത്തിന്റെ കരട് പൊലീസ് തയ്യാറാക്കിയിട്ടുണ്ട്. സ്പെഷല്‍ പ്രോസിക്യൂട്ടര്‍ ചുമതലയേറ്റാലുടന്‍ ചര്‍ച്ച ചെയ്ത് ആവശ്യമെങ്കില്‍ മാറ്റം വരുത്തി കുറ്റപത്രം കോടതിയില്‍ സമര്‍പ്പിക്കും. 
 
പാര്‍പ്പിടസമുച്ചയമായ ശോഭാസിറ്റിയുടെ കവാടത്തില്‍ സെക്യൂരിറ്റി ജോലി ചെയ്തിരുന്ന ചന്ദ്രബോസിനെ കാറുകൊണ്ട് ഇടിച്ചു വീഴ്ത്തിയും ക്രൂരമായി മര്‍ദിച്ചും കൊലപ്പെടുത്തി എന്ന കുറ്റമാണു നിഷാമില്‍ ചുമത്തിയിരിക്കുന്നത്.  സാക്ഷിമൊഴികളെല്ലാം പൊലീസ് ശേഖരിച്ചു. പതിനഞ്ചോളം പേരുടെ മൊഴി മജിസ്ട്രേട്ട് നേരിട്ടു രേഖപ്പെടുത്തി. സംഭവസമയത്ത് സെക്യൂരിറ്റി ചുമതലയില്‍ ചന്ദ്രബോസ് ജോലി ചെയ്യുന്നതു മുതല്‍ നിഷാം റോഡിലൂടെ കാറില്‍ അമിതവേഗത്തില്‍ വന്നതു വരെ ദൃക്സാക്ഷിമൊഴികളിലുണ്ട്. സാക്ഷികളില്‍ സഹസെക്യൂരിറ്റി ജീവനക്കാര്‍ മുതല്‍ സമീപവാസികളും നിഷാമിന്റെ ഭാര്യയും വരെയുണ്ട്. 
 
ചന്ദ്രബോസിനെ ഇടിച്ചു വീഴ്ത്തിയ ഹമ്മറിനു പുറത്തുള്ള രക്തം, സംഭവസ്ഥലത്തുനിന്നു ലഭിച്ച രക്തം, നിഷാം ധരിച്ചിരുന്ന ഷൂസിലെ രക്തം തുടങ്ങിയവ ശക്തമായ തെളിവുകളാണെന്നാണ് പൊലീസ് നല്‍കുന്ന സൂചന. ജനുവരി 29നു പുലര്‍ച്ചെയാണു ചന്ദ്രബോസിനെ കാറിടിപ്പിച്ചും ക്രൂരമായി മര്‍ദിച്ചും മാരകമായി പരുക്കേല്‍പ്പിച്ചത്. തുടര്‍ന്ന് ഫെബ്രുവരി 16നു ചന്ദ്രബോസ് ചികിത്സയിലിരിക്കെ മരിച്ചു. സംഭവദിവസംതന്നെ കസ്റ്റഡിയിലായ പ്രതി മുഹമ്മദ് നിഷാമിനുമേല്‍ കാപ്പ നിയമംകൂടി ചുമത്തിയിട്ടുണ്ട്. ഇപ്പോള്‍ വിയ്യൂര്‍ ജയിലില്‍ റിമാന്‍ഡിലാണു പ്രതി.  
 
കുറ്റപത്രം സ്പെഷല്‍ പ്രോസിക്യൂട്ടര്‍ വായിച്ചശേഷം പഴുതുകളുണ്ടെങ്കില്‍ അടച്ചു സമഗ്രമാക്കാനാണു തീരുമാനമെന്നു കമ്മിഷണര്‍ ആര്‍. നിശാന്തിനി പറഞ്ഞു. സ്പെഷല്‍ പ്രോസിക്യൂട്ടറുടെ നിയമനം വൈകിയില്ലെങ്കില്‍ പത്തു ദിവസത്തിനുള്ളില്‍ കുറ്റപത്രം സമര്‍പ്പിക്കും. സ്പെഷല്‍ പ്രോസിക്യൂട്ടര്‍ സി.പി. ഉദയഭാനുവിന്റെ നിയമന ഉത്തരവ് മുഖ്യമന്ത്രികൂടി ഒപ്പിട്ടു രണ്ടു ദിവസത്തിനുള്ളില്‍ ഇറങ്ങുമെന്നാണു വിവരം. 
 
 
മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.