ടോൾ പ്ളാസയിലെ സംഭവം: ഡിവൈഎസ്പിക്ക് വീ‌ഴ്ച പറ്റി, ചട്ടവിരുദ്ധമായാണ് വാഹന പരിശേധന നടത്തിയത്- തൃശൂര്‍ എസ്‌പിയുടെ റിപ്പോര്‍ട്ട്

Webdunia
തിങ്കള്‍, 11 ജനുവരി 2016 (12:28 IST)
ഇടപ്പള്ളി- മണ്ണൂത്തി ദേശിയപാതയിലെ സമാന്തര പാതയിലൂടെ യാത്ര ചെയ്‌ത കുടുംബത്തെ അപമാനിച്ച സംഭവത്തിൽ തൃശൂര്‍ എസ്‌പി റേഞ്ച് ഐജിക്ക് റിപ്പോര്‍ട്ട് നല്‍കി. ചാലക്കുടി ഡിവൈഎസ്‌പി കെകെ രവീന്ദ്രന് വീഴ്‌ചപറ്റിയെന്നും ചട്ടവിരുദ്ധമായിട്ടാണ് വാഹന പരിശേധന നടത്തിയതെന്നുമാണ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്.

കൊച്ചി ഇൻഫോ പാ‌ർക്കിലെ ജീവനക്കാരും ഒറ്റപ്പാലം സ്വദേശിയുമായ ഹരിറാമിനും കുടുംബത്തിനുമാണ് ഡിവൈഎസ്‌പിയില്‍ നിന്ന് മോശം അനുഭവം ഉണ്ടായത്. വ്യാഴാഴ്ച രാത്രി പത്തുമണിയോടെ പാലിയേക്കര ടോൾ ബൂത്തിന് സമാന്തരമായി കടന്നുപോകുന്ന പഞ്ചായത്ത് റോഡിലാണ് സംഭവം നടന്നത്.

ഹരിറാമിനെയും കുടുംബത്തെയും തടഞ്ഞു നിര്‍ത്തിയ ഡിവൈഎസ്‌പി പഞ്ചായത്ത് റോഡ് പ്രദേശവാസികളുടേതാണെന്നും മറ്റുള്ളവർ ടോൾ നൽകി യാത്ര ചെയ്യണമെന്നും രവീന്ദ്രൻ ഉപദേശിക്കുകയും വാഹനത്തിന്റെ രേഖകൾ ബലമായി പിടിച്ചു വാങ്ങി ഓഫീസിലെത്താൻ നിർദ്ദേശിക്കുകയുമായിരുന്നു. വാഹനത്തിന്റെ രേഖകൾ വാങ്ങിയതിന്റെ റസിപ്‌റ്റ് ചോദ്യച്ചപ്പോള്‍ തരാന്‍ സാധിക്കില്ലെന്നും ഭാര്യയോടും രണ്ടര വയസുള്ള കുഞ്ഞിനുമൊപ്പം സമരം ചെയ്യാൻ പറയുകയായിരുന്നു. ഈ സംഭവങ്ങളുടെ ദൃശ്യം ഹരിറാം മൊബൈലില്‍ പകര്‍ത്തിയതോടെയാണ് ഡിവൈഎസ്‌പിയുടെ കാര്യം കൂടുതല്‍ പരുങ്ങലിലായത്.

ഇതേത്തുടര്‍ന്നായിരുന്നു ഹരിറാം ഡിജിപിക്കും ആഭ്യന്തര മന്ത്രിക്കും ഇ-മെയിലൂടെ പരാതി നൽകിയത്. സംഭവം മാധ്യമങ്ങള്‍ ഏറ്റെടുത്തതോടെ വാര്‍ത്തയ്‌ക്ക് കൂടുതല്‍ പ്രാധാന്യം ലഭിക്കുകയും ചെയ്‌ത സാഹചര്യത്തില്‍ ഡിവൈഎസ്‌പിക്കെതിരെ തൃശൂര്‍ എസ്‌പി റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയായിരുന്നു.