സിഇടി ജീപ്പ് അപകടം: പ്രേമം പോലുള്ള സിനിമകള്‍ പ്രശ്‌നങ്ങളുണ്ടാക്കുന്നു- ഡിജിപി

Webdunia
വെള്ളി, 21 ഓഗസ്റ്റ് 2015 (12:28 IST)
പ്രേമം പോലുള്ള സിനിമകളാണ് കാമ്പസുകള്‍ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നതെന്ന് ഡിജിപി സെന്‍കുമാര്‍. തിരുവനന്തപുരം സിഇടി എന്‍ജിനീയറിംഗ് കോളേജില്‍ സംഭവിച്ചത് ഇതാണെന്നും ഡിജിപി പറഞ്ഞു. കോട്ടയത്ത് തീവണ്ടിവരുമ്പോള്‍ ബൈക്കും മറ്റും ട്രാക്കിലിട്ട സംഭവം റെയില്‍വേ പൊലീസും ലോക്കല്‍ പൊലീസും അന്വേഷിച്ചു വരികയാണെന്നും അദ്ദേഹം പറഞ്ഞു.

ശ്രീകാര്യം എൻജിനിയറിംഗ് കോളേജിൽ ഓണാഘോഷത്തിനിടെ വിദ്യാർഥികൾ ഓടിച്ച ജീപ്പ് ഇടിച്ച് പരുക്കേറ്റ് ചികിത്സയിലായിരുന്ന പെൺകുട്ടി അര്‍ധരാത്രിയില്‍ മരിച്ചിരുന്നു. സിവിൽ എൻജിനിയറിംഗ് ആറാം സെമസ്റ്റർ വിദ്യാർഥിനി നിലമ്പൂർ വഴിക്കടവ് കുന്നത്ത് പുല്ലഞ്ചേരി ബഷീറിന്റെ മകൾ തെസ്നി ബഷീറാണ് (20) മരിച്ചത്. ഇന്നലെ രാത്രി 12.15 ഓടെയാണ് മരണം സ്ഥിരീകരിച്ചത്.

അതേസമയം, കോട്ടയത്തിനും ചിങ്ങവനത്തിനുമിടയിൽ മൂന്നു ട്രെയിനുകൾ മുന്നില്‍ ബൈക്കും കമ്പിയും ഇട്ടയാളെ തിരിച്ചറിഞ്ഞു. പൂവൻതുരുത്ത് സ്വദേശി ദീപു കെ തങ്കപ്പനാണ് ബൈക്ക് കൊണ്ടുവന്നത്. ഇയാൾ മാനസിക വിഭ്രാന്തിയുണ്ടെന്ന് പൊലീസ് പറഞ്ഞു. ഇയാൾ ബെംഗളൂരുവിലേക്ക് കടന്നതായാണ് സംശയം. അതേസമയം, ചിങ്ങവനത്ത് റയിൽവേയുടെ വൈദ്യുതി ലൈൻ തകരാറിലാക്കുന്നതിനും ശ്രമം നടന്നിരുന്നുവെന്ന് റയിൽവേ അധികൃതർ വ്യക്തമാക്കി.