പോലീസ് മേധാവി സ്ഥാനത്തു നിന്ന് മാറ്റിയതിനെതിരെ ടിപി സെന്‍കുമാര്‍ നല്‍കിയ ഹര്‍ജിയില്‍ ഇന്ന് വിധി പറയും

Webdunia
വ്യാഴം, 21 ജൂലൈ 2016 (08:35 IST)
സംസ്ഥാന പൊലീസ് മേധാവി സ്ഥാനത്ത് നിന്ന് നീക്കം ചെയ്തതിനെതിരെ ഡിജിപി ടിപി സെന്‍കുമാര്‍ നല്‍കിയ ഹര്‍ജിയില്‍ സെന്‍ട്രല്‍ അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണല്‍ ഇന്ന് വിധി പറയും. പൊലീസ് ആക്ടിന് വിരുദ്ധമായാണ് തന്നെ സ്ഥാനത്ത് നിന്ന് നീക്കിയതെന്ന് ചൂണ്ടിക്കാട്ടിയാണ് സെന്‍കുമാര്‍ ഹര്‍ജി നല്‍കിയത്.
 
ഉന്നത പദവിയിലിരിക്കുന്നവരെ രണ്ട് വര്‍ഷത്തെ സേവനം പൂര്‍ത്തിയാക്കാതെ ചുമതലയില്‍ നിന്ന് മാറ്റരുതെന്നാണ് ചട്ടം. തന്നെ സ്ഥലം മാറ്റുകയല്ല, പകരം തരംതാഴ്ത്തി ജൂനിയര്‍ ഓഫീസര്‍ക്ക് ചുമതല നല്‍കുകയായിരുന്നുവെന്നും സെന്‍കുമാര്‍ ഹര്‍ജിയില്‍ പറയുന്നു. എന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ ഈ വാദത്തെ എതിര്‍ക്കുകയാണ്. പെരുമ്പാവൂരിലെ ജിഷ കൊലക്കേസിലെ അന്വേഷണത്തിലും പുറ്റിങ്ങല്‍ വെടിക്കെട്ട് അപകടത്തെക്കുറിച്ചുള്ള അന്വേഷണത്തിലും സെന്‍കുമാറിന് വീഴ്ച പറ്റിയെന്ന് സംസ്ഥാന സര്‍ക്കാര്‍ പറയുന്നു. 
 
രണ്ട് സംഭവങ്ങളിലും വീഴ്ച വരുത്തിയ അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി എടുക്കുന്നതിന് പകരം ഡിജിപി ആയിരുന്ന സെന്‍കുമാര്‍ ന്യായീകരിക്കുകയായിരുന്നുവെന്നും സര്‍ക്കാര്‍ കുറ്റപ്പെടുത്തി. എന്നാല്‍, സെന്‍കുമാറിന്റെ വാദത്തെ കേന്ദ്ര ആഭ്യന്തരമന്ത്രാലയം പിന്തുണയ്ക്കുകയും ചെയ്തു. 
 
Next Article