കള്ളപ്പണക്കാര്‍ക്കെതിരേയും അഴിമതിക്കെതിരെയും ശക്തമായ നിലപാട് സ്വീകരിക്കുമെന്ന് ആവര്‍ത്തിക്കുമ്പോള്‍ സംസ്ഥാന ബിജെപി ഘടകത്തില്‍ നിന്നും ഉയര്‍ന്നുവന്ന കോഴ ആരോപണത്തിന് മറുപടി നല്‍കാന്‍ കഴിയാതെ കേന്ദ്ര നേതൃത്വം.
ലോക്സഭാ തെരഞ്ഞെടുപ്പിനായി ഒരുക്കങ്ങള്‍ നടക്കവെ പുറത്തുവന്ന മെഡിക്കൽ കോളജുകൾക്ക് അനുമതി കൊടുക്കുന്നതുമായി ബന്ധപ്പെട്ടുള്ള അഴിമതി ആരോപണത്തില്‍ കടുത്ത നടപടി സ്വീകരിക്കാനാണ് കേന്ദ്രനേതൃത്വം തീരുമാനിച്ചിരിക്കുന്നത്. സംസ്ഥാന ബിജെപിയിൽ വലിയ അഴിച്ചുപണി നടത്താനാണ് കേന്ദ്രം തീരുമാനിച്ചിരിക്കുന്നത്.
പൂഴ്‌ത്തിവച്ചിരുന്ന അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവന്നത് എങ്ങനെയെന്നും വിവാദങ്ങളിൽ നേതൃത്വത്തിനു പങ്കുണ്ടോ എന്നതും കേന്ദ്രം അന്വേഷിക്കും. വളരെ രഹസ്യമായി വെച്ചിരുന്ന വിവരങ്ങള്‍ ചോര്‍ന്നത് ആരു വഴിയാണെന്ന് മനസിലാക്കുന്നതിനായി സമാന്തരമായ അന്വേഷണം ആരംഭിച്ചു കഴിഞ്ഞു. 22ന് ആലപ്പുഴയിൽ ചേരുന്ന സംസ്ഥാന കമ്മിറ്റി യോഗത്തിൽ കടുത്ത നടപടികളാകും സ്വീകരിക്കുക. ഇതിനായി കേന്ദ്രം നിര്‍ദേശം നല്‍കി.
അതിനിടെ തിരുവനന്തപുരം കേന്ദ്രീകരിച്ച് ചില ബിജെപി പ്രവര്‍ത്തകര്‍ നടത്തുന്ന അഴിമതികളും സംസ്ഥാന ഘടകത്തില്‍ ഇപ്പോള്‍ ചര്‍ച്ചയായി തീര്‍ന്നിട്ടുണ്ട്.
കേന്ദ്ര നേതൃത്വത്തെ പോലും സമ്മര്‍ദ്ദത്തിലാക്കിയ കോഴ ആരോപണത്തിനു പിന്നില്‍ സംസ്ഥാന ബിജെപിയിലെ ചേരിപ്പോരാണെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. കേന്ദ്രത്തില്‍ ബിജെപിയുള്ളതിനാല്‍ അധികാരം പങ്കിടാനും സ്വന്തമാക്കാനും കൊതിക്കുന്നവര്‍ സംസ്ഥാന പാര്‍ട്ടിക്കുള്ളില്‍ വിഭാഗീയത സൃഷ്‌ടിച്ചു കഴിഞ്ഞു.
കേരളത്തില്‍ വേരുറപ്പിക്കണമെന്ന് ദേശിയ അധ്യക്ഷന്‍ അമിത് ഷാ ആവശ്യപ്പെടുമ്പോഴും ഇതിന് വിഘാതമായി നില്‍ക്കുന്നത് സംസ്ഥാന ബിജെപിയിലെ മൂന്നു ഗ്രൂപ്പുകളാണ്. സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ വിഭാഗം, വി മുരളിധരന്‍ വിഭാഗം, പികെ കൃഷ്ണദാസ് വിഭാഗം. ഇവര്‍ക്കിടെയിലുള്ള ചേരിപ്പോരാണ് അഴിമതി ആരോപണം പുറത്തുവരാന്‍ കാരണമെന്നാണ് സാധാരണ ബിജെപി പറയുന്നത്.
ബിജെപി സംസ്ഥാന പ്രസിഡന്റായി കുമ്മനത്തിനു ശേഷം എത്താന്‍ സാധ്യത കല്‍പ്പിക്കുന്നത് എംടി രമേശിനെയാണ്. കോഴ വിവാദത്തില്‍ രമേശിനെ ഉള്‍പ്പെടുത്തിയാല്‍ പ്രസിഡന്റ് സ്ഥാനത്തിലേക്കുള്ള നിലവിലെ അനുകൂല സാഹചര്യം മാറിമറിയും. ഇത് മുന്നില്‍ കണ്ടാണ് വിവാദത്തില്‍ രമേശിനെ വലിച്ചിഴച്ചിരിക്കുന്നതെന്നും ബിജെപിയില്‍ നിന്നുതന്നെ ആരോപണമുണ്ട്.
ഉയർന്നുവരുന്ന വാർത്തകൾ ഊഹാപോഹത്തിന്‍റെ അടിസ്ഥാനത്തിലുള്ളതാണെന്ന് കുമ്മനം രാജശേഖരൻ പറയുമ്പോഴും മുതിര്‍ന്ന നേതാവും എംഎൽഎയുമായ ഒ രാജഗോപാൽ മൌനത്തിലാണ്. അതേസമയം, കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടി വേണമെന്ന് ആർഎസ്എസ് കേരള നേതൃത്വം ആവശ്യപ്പെട്ടു. സംസ്ഥാന ബിജെപി ഘടകത്തിലെ ഗ്രൂപ്പുപോരും അധികാര മോഹവുമാണ് വിവാദത്തിന്‍റെ കാരണമെന്നും ആര്‍എസ്എസ് വിലയിരുത്തി. ഇതോടെ സംസ്ഥാന ബിജെപി പ്രതിക്കൂട്ടിലായി. വരും ദിവസങ്ങളില്‍ പ്രവര്‍ത്തകരെ മാനിച്ചുകൊണ്ടുള്ള നടപടികള്‍ കൈക്കൊണ്ടില്ലെങ്കില്‍ കനത്ത തിരിച്ചടിയാകും ഉണ്ടാകുക.