Cabinet Meeting Decisions:ഇന്നത്തെ മന്ത്രിസഭായോഗ തീരുമാനങ്ങള്‍

അഭിറാം മനോഹർ
ബുധന്‍, 8 ജനുവരി 2025 (19:08 IST)
ശബരിമല ലേ ഔട്ട് പ്ലാനിന് അംഗീകാരം
 
ശബരിമല മാസ്റ്റര്‍ പ്ലാനിന് അനുസൃതമായി തയ്യാറാക്കിയ സന്നിധാനത്തിന്റെയും പമ്പ ആന്റ് ട്രക്ക് റൂട്ടിന്റെയും ലേ ഔട്ട് പ്ലാനിന് മന്ത്രിസഭായോഗം അംഗീകാരം നല്‍കി. സന്നിധാനത്തിന്റെ വികസനത്തിനായി ആദ്യഘട്ടത്തിന് 600.47 കോടി രൂപയും 2028-33 വരെയുള്ള രണ്ടാം ഘട്ടത്തിന് 100.02 കോടിരൂപയും 2034-39 വരയുള്ള മൂന്നാം ഘട്ടത്തിന് 77.68 കോടി രൂപയും ഉള്‍പ്പെടെ ആകെ 778.17 കോടി രൂപയാണ് ലേഔട്ട് പ്ലാന്‍ പ്രകാരം ചെലവ് കണക്കാക്കിയിരിക്കുന്നത്. 
 
സന്നിധാനത്തിന്റെ ആത്മീയവും സാംസ്‌കാരികവുമായ പൈതൃകത്തെ മാനിച്ചുകൊണ്ടാണ് ലേഔട്ട് പ്ലാന്‍ തയ്യാറാക്കിയിരിക്കുന്നത്. സന്നിധാനം മേഖലയെ എട്ട് സോണുകളായി തിരിച്ചാണ് ലേഔട്ട് പ്ലാന്‍ തയ്യാറാക്കിയിരിക്കുന്നത്. മകരവിളക്കിന്റെ കാഴ്ചകള്‍ സംരക്ഷിക്കുന്നതിനൊപ്പം ക്രൗഡ് മാനേജ്‌മെന്റിനെ പിന്തുണയ്ക്കുന്നതിനായി രണ്ട് ഓപ്പണ്‍ പ്ലാസകളും ലേഔട്ട് പ്ലാനില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
 
കാനനപാതയിലൂടെയുള്ള തീര്‍ത്ഥാടകരുടെ സുരക്ഷിതവും സൗകര്യപ്രദവുമായ യാത്രയ്ക്ക് ഉതകുന്ന വിവിധ സങ്കേതങ്ങളുടെയും വിശ്രമ സ്ഥലങ്ങളുടെയും ആവശ്യകതയിലൂന്നിയാണ് ട്രക്ക്‌റൂട്ട് ലേഔട്ട് പ്ലാന്‍ വിഭാവനം ചെയ്തിരിക്കുന്നത്. ഇതോടൊപ്പം ഒരു എമര്‍ജന്‍സി വാഹന പാതയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. പാരിസ്ഥിതിക പുനസ്ഥാപനത്തെ പിന്‍തുണയ്ക്കുന്നതിനായി ട്രക്ക്‌റൂട്ടിന്റെ ഇരുവശത്തും ബഫര്‍സോണും  പ്ലാന്‍ പ്രകാരം ഉള്‍പ്പെടുത്തിയിട്ടുണ്ട്. 
 
പമ്പയുടെ വികസനത്തിനായി ആദ്യഘട്ടത്തിന് 184.75 കോടി രൂപയും 2028-33 വരെയുള്ള രണ്ടാം ഘട്ടത്തിന് 22.73 കോടി രൂപയും ഉള്‍പ്പെടെ ആകെ 207.48 കോടി രൂപയാണ് ചിലവ് കണക്കാക്കുന്നത്. ട്രക്ക്‌റൂട്ടിന്റെ വികസനത്തിനായി ആദ്യ ഘട്ടത്തിന് 32.88 കോടി രൂപയും രണ്ടാം ഘട്ടത്തിന് 15.50 കോടിരൂപയും ഉള്‍പ്പെടെ ആകെ 47.97 കോടി രൂപയാണ് ചിലവ് കണക്കാക്കുന്നത്. പമ്പയുടെയും ട്രക്ക്‌റൂട്ടിന്റെയും വികസനത്തിനായി ലേഔട്ട് പ്രകാരം ആകെ ചിലവ് കണക്കാക്കിയിരിക്കുന്നത് 255.45 കോടി രൂപയാണ്. 
 
തദ്ദേശ സ്വയംഭരണ പരിഷ്‌കരണ കമ്മീഷന്‍
 
തദ്ദേശ സ്വയംഭരണ പരിഷ്‌കരണ കമ്മീഷന്‍ രൂപീകരിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. ബി. അശോക് ഐ.എ.എസിനെ കമ്മീഷനായി നിയമിക്കും. തദ്ദേശ സ്വയംഭരണ വകുപ്പില്‍ നിലവിലുള്ള നിയമങ്ങള്‍, ചട്ടങ്ങള്‍, മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ തുടങ്ങിയവ ഈസ് ഓഫ് ഡൂയിംഗ് ബിസിനസ്സിന്റെ കൂടി അടിസ്ഥാനത്തില്‍ പരിഷ്‌കരിക്കാനും, സംതുലിതമായ ഒരു നിലപാട് സ്വീകരിക്കാനും, വികസന സംബന്ധമായ കാര്യങ്ങള്‍ മുന്നോട്ടു കൊണ്ടുപോകാനും, പരിസ്ഥിതി സംരക്ഷണം ഉറപ്പുവരുത്തുവാനും കഴിയുന്ന രീതിയില്‍ സമഗ്രമായി പുനപരിശോധിക്കുന്നതിനുള്ള സംവിധാനം ഒരുക്കുന്നതിനാണ് കമ്മീഷനെ നിയമിക്കുന്നത്. 
 
ധനസഹായം
 
പാലക്കാട് - കോഴിക്കോട് ദേശീയ പാതയില്‍ പനയംപാടത്ത് പരീക്ഷ കഴിഞ്ഞ് മടങ്ങവെ ചരക്ക് ലോറി മറിഞ്ഞ് മരണമടഞ്ഞ നാല് വിദ്യാര്‍ത്ഥിനികളുടെ മാതാപിതാക്കള്‍ക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും രണ്ട് ലക്ഷം രൂപ വീതം ധനസഹായം നല്‍കും. 
 
ഇര്‍ഫാന ഷെറിന്‍, റിദ ഫാത്തിമ, നിദ ഫാത്തിമ കെ.എം, ഐഷ എ.എസ്. എന്നിവരുടെ മാതാപിതാക്കള്‍ക്കാണ് ധനസഹായം ലഭിക്കുക.
 
തൃശ്ശൂര്‍ നാട്ടിക ദേശീയ പാതയില്‍ ഉറങ്ങിക്കിടന്നവരുടെ മേല്‍ തടിലോറി പാഞ്ഞുകയറി ഉണ്ടായ അപകടത്തില്‍ മരണപ്പെട്ടവരുടെ ആശ്രിതര്‍ക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്നും 2 ലക്ഷം രൂപ വീതം അനുവദിച്ചു. കാളിയപ്പന്‍, നാഗമ്മ, ബംഗാരി എന്ന രാജേശ്വരി, വിശ്വ, ജീവന്‍ എന്നിവരുടെ ആശ്രിതര്‍ക്കാണ് ധനസഹായം ലഭിക്കുക.
 
ഗ്രാഫീന്‍ അറോറ പദ്ധതിക്ക് ഭരണാനുമതി
 
നവ മെറ്റീരിയല്‍ സാങ്കേതികവിദ്യകളില്‍ പ്രവര്‍ത്തിക്കുന്ന വ്യവസായങ്ങളെ പ്രോത്സാഹിപ്പിക്കുന്നത് ലക്ഷ്യമിട്ട് 'ഗ്രാഫീന്‍ അറോറ' പദ്ധതി നിര്‍വ്വഹണത്തിന് ഭരണാനുമതി നല്‍കി. 94.85 കോടി രൂപ ചിലവിട്ടാണ് പദ്ധതി പൂര്‍ത്തീകരിക്കുന്നത്. സംസ്ഥാന സര്‍ക്കാരിന്റെയും കേന്ദ്ര ഇലക്ട്രോണിക്‌സും വിവര സാങ്കേതികവിദ്യയും മന്ത്രാലയത്തിന്റെയും വ്യവസായ പങ്കാളികളുടെയും പങ്കാളിത്തത്തോടുകൂടിയാണ് പദ്ധതി കേരള ഡിജിറ്റല്‍ യൂണിവേഴ്‌സിറ്റി മുഖേന നടപ്പാക്കുന്നത് (സംസ്ഥാന സര്‍ക്കാര്‍ - 47.22 കോടി രൂപ, കേന്ദ്ര ഇലക്ട്രോണിക്‌സും വിവര സാങ്കേതികവിദ്യയും മന്ത്രാലയം - 37.63 കോടി രൂപ, വ്യവസായ പങ്കാളികള്‍ - 10 കോടി രൂപ)
 
തസ്തികകള്‍ സൃഷ്ടിക്കല്‍
 
പോലീസ് വകുപ്പില്‍ ഡ്രൈവര്‍ തസ്തികയില്‍ പ്രമോഷനുകള്‍ക്കായി 85 പുതിയ തസ്തികകള്‍ അനുവദിച്ചു. ഇതനുസരിച്ച് ഒരു ഇന്‍സ്‌പെക്ടര്‍ (മോട്ടോര്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍), ഒരു സബ് ഇന്‍സ്‌പെക്ടര്‍ ഡ്രൈവര്‍, ഒരു അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടര്‍ ഡ്രൈവര്‍, 82 ഹെഡ് കോണ്‍സ്റ്റബിള്‍ ഡ്രൈവര്‍ എന്നീ തസ്തികകളാണ് സൃഷ്ടിക്കുന്നത്. 85 പോലീസ് കോണ്‍സ്റ്റബിള്‍ ഡ്രൈവര്‍മാരുടെ തസ്തിക ക്രമീകരിച്ചുകൊണ്ടാണ് പുതിയ തസ്തികകള്‍ സൃഷ്ടിച്ചിരിക്കുന്നത്.
 
കൊല്ലം ജില്ലയിലെ ശാസ്താംകോട്ടയില്‍ മാതൃകാ ഡിജിറ്റല്‍ കുടുംബ കോടതി സ്ഥാപിക്കുന്നതിനായി പുതുതായി 3 തസ്തികകള്‍ സൃഷ്ടിക്കാന്‍ അനുമതി. ഇതോടൊപ്പം 3 തസ്തികകള്‍ മറ്റു കോടതികളില്‍ നിന്നും പുനര്‍വിന്യസിക്കും. ജില്ലാ ജഡ്ജ്, ബഞ്ച് ക്ലാര്‍ക്ക് ഗ്രേഡ് 1, ജൂനിയര്‍ സൂപ്രണ്ട് എന്നീ തസ്തികകളാണ് പുതിയതായി സൃഷ്ടിക്കുക.
 
ജുഡീഷ്യറി വകുപ്പില്‍ പ്രോസസ് സര്‍വറായി സേവനമനുഷ്ഠിച്ചുവരവെ 'സെറിബെല്ലര്‍ അറ്റാക്‌സിയ' ബാധിതനായി സ്ഥിരമായി ചലനവൈകല്യം സംഭവിച്ച രാജേഷ് എം.കെ. എന്ന വ്യക്തിയെ ഭിന്നശേഷി അവകാശ നിയമത്തിലെ 20-ാം വകുപ്പു പ്രകാരം സര്‍വ്വീസില്‍ ഉള്‍ക്കൊള്ളിക്കാനായി പയ്യോളി മുനിസിഫ് മജിസ്‌ട്രേറ്റ് കോടതിയില്‍ പ്രോസസ്സ് സര്‍വര്‍ തസ്തിക സൂപ്പര്‍ നൂമററിയായി സൃഷ്ടിക്കാന്‍ അനുമതി നല്‍കി.

അനുബന്ധ വാര്‍ത്തകള്‍

Next Article