സി കെ സദാശിവൻ, രജനി ജയദേവ്, ഒടുവിൽ കായംകുളത്തിന് പ്രതിഭയേകാൻ പ്രതിഭ ഹരി

Webdunia
ചൊവ്വ, 22 മാര്‍ച്ച് 2016 (16:07 IST)
കായംകുളത്തെ സി പി എം സീറ്റിൽ മത്സരിക്കാൻ പല പേരുകൾ നിർദ്ദേശിച്ചിരുന്നു. ഒടുവിൽ പ്രതിഭ ഹരിയെ സ്ഥാനാര്‍ഥിയാക്കുവാനാണ് പാർട്ടിയുടെ തീരുമാനം. രണ്ട് തവണ മത്സരിച്ച് ജയിച്ച സി കെ സദാശിവനെ ഒഴിവാക്കിയാണ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കൂടിയായ പ്രതിഭ ഹരിയെ സ്ഥാനാര്‍ഥിയാക്കാന്‍ പാർട്ടി തീരുമാനമെടുത്തത്. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും തോമസ് ഐസക്കും പങ്കെടുത്ത ജില്ലാ സെക്രട്ടേറിയറ്റ്‌ യോഗത്തിലാണ് പ്രതിഭയുടെ പേര് അംഗീകരിച്ചത്. 
 
കായംകുളത്തെ സി പി എം സ്ഥാനാർഥി നിർണയത്തിനായി ഒത്തുകൂടിയ ആദ്യ സെക്രട്ടറിയേറ്റ് യോഗത്തിൽ തർക്കം ഉടലെടുത്തിരുന്നു. ഏരിയാ കമ്മിറ്റിയും മണ്ഡലം കമ്മിറ്റിയും സി കെ സദാശിവന്റെ പേര് നിർദേശിച്ചപ്പോൾ ജില്ലാ സെക്രട്ടറി സജി ചെറിയാന്‍ പ്രതിഭ ഹരിയുടെ പേര് മുന്നോട്ട്‌വെച്ചു. ഇതിനെതുടർന്നാണ് എതിർപ്പുകൾ ഉയർന്നത്. 
 
അതിന് ശേഷം ചേർന്ന സെക്രട്ടേറിയേറ്റ് യോഗത്തില്‍ രജനി ജയദേവിന്റെ പേര് ചിലര്‍ നിർദേശിച്ചു. ബി ഡി ജെ എസ് നേതാവ് സുഭാഷ് വാസുവിന്റെ ബന്ധുവായ രജനിയുടെ പേര് നിർദേശിച്ചപ്പോൾ  അതിനെതിരേയും പ്രതിഷേധമുണ്ടായി. ഈ സാഹചര്യത്തിലാണ് ആദ്യം പരിഗണിച്ച പ്രതിഭ ഹരിയെ മത്സരിപ്പിക്കാന്‍ ധാരണയായത്. നേരത്തെ സി എസ് സുജാതയെ ചെങ്ങന്നൂരിൽ പരിഗണിച്ചിരുന്നെങ്കിലും ഇപ്പോൾ  അവർക്കുപകരം കെ കെ രാമചന്ദ്രന്‍നായരെ മത്സരിപ്പിക്കാൻ ധാരണയായി.