10 ലക്ഷം കൈക്കൂലി: ഇന്‍കംടാക്‌സ് പ്രിന്‍സിപ്പള്‍ കമ്മീഷണര്‍ പിടിയില്‍

Webdunia
വ്യാഴം, 15 ഒക്‌ടോബര്‍ 2015 (11:22 IST)
കൈക്കൂലിക്കേസില്‍ ഇന്‍കംടാക്‌സ് പ്രിന്‍സിപ്പള്‍ കമ്മീഷണറെ സിബിഐ പിടികൂടി. ഇന്‍കംടാക്‌സ് കമ്മീഷണര്‍ ശൈലേന്ദ്ര മമ്മടിയാണ് സിബിഐ കസ്റ്റഡിയിലെടുത്തത്. ഏറ്റുമാനൂര്‍ ജ്വല്ലറി ഉടമയില്‍ നിന്ന് പത്തുലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്ന കേസിലാണ് സിബിഐ ഇന്‍കംടാക്സ് കമ്മീഷണറെ കസ്റ്റഡിയിലെടുത്തത്. ഇയാളെക്കൂടാതെ ഓഫീസറായ ശരത്, അലക്സ് എന്ന ആളേയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

കോട്ടയത്തുള്ള പവ്വത്തില്‍ ജ്വല്ലറിയുടെ ആദായ നികുതി കുടിശ്ശിക ഒത്തുതീര്‍പ്പുമായി ബന്ധപ്പെട്ട് ഇടനിലക്കാരനായി പ്രവര്‍ത്തിച്ചതിനാണ് അലക്‌സിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. മൂന്നുമാസം മുന്‍പാണ് ചെന്നൈയില്‍ നിന്നും ശൈലേന്ദ്ര തിരുവനന്തപുരത്ത് എത്തിയത്. അലക്സ് മുഖേന ജ്വല്ലറി ഉടമയില്‍ നിന്നും കമ്മീഷണര്‍ പത്തുലക്ഷം രൂപ കൈക്കൂലി വാങ്ങിയതായാണ് ആരോപണം.

കോട്ടയത്തെ ഒരു ഫ്‌ലാറ്റില്‍ വച്ചായിരുന്നു പണം കൈമാറിയത്. ബുധനാഴ്ച വൈകിട്ട് മൂന്ന് മണിയോടെ കസ്റ്റഡിയിലെടുത്ത ശൈലേന്ദ്രയുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല. ചോദ്യം ചെയ്യല്‍ തുടരുകയാണ്.ജ്വല്ലറിയുടെ ആദായ നികുതി കുടിശ്ശികയുമായി ബന്ധപ്പെട്ട രേഖകള്‍ കൈകാര്യം ചെയ്ത മറ്റ് ആദായ നികുതി ഓഫീസര്‍മാരുടെ കോട്ടയത്തെയും തിരുവനന്തപുരത്തേയും വീടുകളിലും സിബിഐ റെയ്ഡ് നടത്തുന്നുണ്ട്.