പാഠപുസ്‌തകം കീറിയെറിഞ്ഞ സംഭവം: എംഎസ്എഫിന്റേത് താലിബാനിസം- കെഎസ്‌യു

Webdunia
ചൊവ്വ, 14 ജൂലൈ 2015 (12:58 IST)
മലപ്പുറം തീരൂര്‍ കൈന്നിക്കരയില്‍ സ്‌കൂളിലെ വിദ്യാര്‍ഥികള്‍ക്ക് വിതരണം ചെയ്യാനായി എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ എത്തിച്ച പാഠപുസ്തകം മുസ്ലിംലീഗ് പ്രവര്‍ത്തകര്‍ കീറിയെറിഞ്ഞ സംഭവം താലിബാനിസമാണെന്ന് കെഎസ്‌യു ജനറല്‍ സെക്രട്ടറി ജി മഞ്ജു കുട്ടന്‍. അതേസമയം ഇതിനെതിരെ ശക്തമായ പ്രതിഷേധപരിപാടികള്‍ക്കൊരുങ്ങുകയാണ് എസ് എഫ് ഐ നേതൃത്വം.

സ്‌കൂള്‍ തുറന്ന് മാസങ്ങളായിട്ടും പാഠപുസ്തകങ്ങള്‍ ലഭിക്കാതിരുന്നതിനെ തുടര്‍ന്ന് എസ് എഫ് ഐ പ്രവര്‍ത്തകര്‍ സ്‌കൂളില്‍ പാഠപുസ്തകങ്ങള്‍ എത്തിക്കുകയായിരുന്നു. നാലാം ക്ലാസിലെ ഇംഗ്ലീഷ് പാഠപുസ്തകമാണ് കൊണ്ടുവന്നത്. അമ്പതോളം പ്രതികളുണ്ടായിരുന്നു. എന്നാല്‍, ഈ സമയം, മുപ്പതോളം വരുന്ന എംഎസ്എഫ് പ്രവര്‍ത്തകര്‍ എസ്എഫ്‌ഐ പ്രവര്‍ത്തകരെ തടയുകയും ആക്രമിക്കുകയുമായിരുന്നു. സംഭവത്തിനെതിരെ വ്യാപക പ്രതിഷേധം ഉയരുകയാണ്. ഭരണപക്ഷ വിദ്യാര്‍ഥി സംഘടനയായ കെഎസ്‌യു സംഭവത്തിനെതിരെ രംഗത്ത് എത്തിയിരിക്കുകയാണ്.

പുസ്തകങ്ങള്‍ നശിപ്പിച്ച സംഭവം നിര്‍ഭാഗ്യകരമാണെന്നും ഇതില്‍ എംഎസ്എഫ് പ്രവര്‍ത്തകര്‍ ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ അവര്‍ക്കെതിരെ നടപടിയെടുക്കുമെന്നും എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് ടിപി അഷ്‌റഫലി വ്യക്തമാക്കി. എംഎസ്എഫ് യൂത്ത് ലീഗ് പ്രവര്‍ത്തകരാണ് ഇവ നശിപ്പിച്ചതെന്നാണ് എസ്എഫ്ഐയുടെ ആരോപണം. കുട്ടികള്‍ക്ക് പുസ്തകം വിതരണം ചെയ്യാന്‍ സ്‌കൂള്‍ അധികൃതരും പിടിഎയും അനുവദിച്ചെങ്കിലും സ്ഥലത്തെത്തിയ എംഎസ്എഫ്, യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ തടയുകയായിരുന്നുവെന്നാണ് എസ്എഫ്ഐ പ്രവര്‍ത്തകര്‍ പറയുന്നത്. അക്രമിച്ച ശേഷം പുസ്തകം പിടിച്ചെടുത്ത ശേഷം കീറി നിലത്തെറിഞ്ഞു. പുസ്തകത്തിന്റെ പകര്‍പ്പുകള്‍ സ്‌കൂളിന്റെ മുറ്റത്ത് ചിതറിക്കിടക്കുകയായിരുന്നു. അക്രമത്തില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്ക് നിസാര പരുക്കേല്‍ക്കുകയും ചെയ്തു.