നഗ്നചിത്രങ്ങള്‍ കാട്ടി പണം‌തട്ടല്‍; നാലംഗ സംഘം അറസ്റ്റില്‍

Webdunia
ശനി, 12 ജൂലൈ 2014 (09:19 IST)
അനാശാസ്യ പ്രവര്‍ത്തനങ്ങള്‍ക്കായി ആളുകളെ ക്ഷണിച്ച് ഹോട്ടല്‍മുറിയിലെത്തിച്ച് നഗ്നചിത്രങ്ങള്‍ പകര്‍ത്തി പണം തട്ടുന്ന നാലംഗ സംഘം പിടിയില്‍. ആലപ്പുഴ സ്വദേശിനി, വെണ്ണല ഡിഡി ഗോള്‍ഡന്‍ ഗേറ്റില് താമസിക്കുന്ന സൂര്യ എന്ന ബിന്ധ്യ തോമസ് (32), കടവന്ത്ര ചിലവന്നൂര്‍ ഗാലക്‌സി വിന്‍സ്റ്റണ്‍ ഫ് ളാറ്റ് നമ്പര്‍ 4എഫില്‍ താമസിക്കുന്ന റുക്‌സാന ബി. ദാസ് (29), വടുതല കുറ്റാട്ടുശ്ശേരില്‍ അഡ്വ സനിലന്‍ (43), ഉദയംപേരൂര്‍ തെക്കന്‍ പറവൂര്‍ കണ്ടത്തില്‍ തോമസ് ജേക്കബ് (പ്രജീഷ് 35) എന്നിവരാണ് അറസ്റ്റിലായത്. വിദേശ മലയാളിയെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ചതിനാണ് പിടിയിലായത്‍. രണ്ട് യുവതികളും അഭിഭാഷകനും അടങ്ങുന്ന സംഘത്തെയാണ് പൊലീസ് കുടുക്കിയത്. 
 
ഇരകളെ തന്ത്രപൂര്‍വം നഗരത്തിലെ മുന്തിയ ഹോട്ടല്‍ മുറികളിലും ഫ്ളാറ്റുകളിലും വിളിച്ചുവരുത്തി സണ്‍ഗ്ലാസിനുള്ളിലെ ഒളിക്യാമറ ഒളിച്ചുവെച്ച് ശാരീരികബന്ധത്തില്‍ ഏര്‍പ്പെടുന്ന ദൃശ്യങ്ങള്‍ പകര്‍ത്തും. പിന്നീട് ദൃശ്യങ്ങള്‍ ഉപയോഗിച്ച് ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെടും. പണം നല്‍കാന്‍ വിസമ്മതിക്കുന്നവര്‍ക്കെതിരേ പീഡനത്തിന് പൊലീസില്‍ പരാതി നല്‍കുകയും വക്കീല്‍ നോട്ടീസ് അയയ്ക്കുകയുമാണ് പതിവ്. 
 
നാല് മാസം മുമ്പ് കൊച്ചിയിലെ പ്രമുഖ ഹോട്ടലില്‍വച്ചു നടന്ന ബന്ധത്തിന്റെ സിഡി കൈവശമുണ്ടെന്നും മൂന്ന് കോടി രൂപ നല്‍കിയാലേ സിഡി നല്‍കൂ എന്നും അറിയിച്ചാണ് കൊച്ചി സ്വദേശികളായ വിദേശമലയാളിയെ തട്ടിപ്പ് സംഘം ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയത്. മാജിക് വോയ്‌സ് എന്ന മൊബൈല്‍ഫോണ്‍ ആപ്ലിക്കേഷന്‍ വഴി പുരുഷശബ്ദത്തില്‍ സൂര്യയാണ് ഇരകളെ വിളിച്ചിരുന്നത്. 
 
തട്ടിപ്പിന് കളമൊരുക്കാനായി, വിദേശമലയാളികള്‍ തന്നെ ബലാത്സംഗം ചെയ്തതായി റുക്‌സാന തിരുവനന്തപുരം ജില്ലയിലെ ഒരു പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. ഈ പരാതിയുടെ മറവിലായിരുന്നു പിന്നീടുള്ള ഭീഷണി. തുടര്‍ന്ന് ഭീഷണിക്ക് ഇരയായ വിദേശമലയാളി കൊച്ചി സിറ്റി പോലീസ് കമീഷണര്‍ കെ. ജി. െജയിംസിന് പരാതിനല്‍കി. തട്ടിപ്പുസംഘം പിന്നീട് ബന്ധപ്പെട്ടപ്പോള്‍, ഒരു കോടി രൂപ നല്‍കാമെന്നറിയിച്ച് തന്ത്രപൂര്‍വം സംഘത്തെ കൊച്ചിയിലേക്കെത്തിച്ച് അറസ്റ്റ് ചെയ്യുകയായിരുന്നു.