ആഭിചാരക്കൊല: അന്വേഷണ ഉദ്യോഗസ്ഥനെ സ്ഥലംമാറ്റി

Webdunia
വ്യാഴം, 16 ഒക്‌ടോബര്‍ 2014 (17:35 IST)
യുവതി ആഭിചാരക്രിയയ്ക്കിടയില്‍ കൊല്ലപ്പെട്ട സംഭവം അന്വേഷിച്ച പത്തനംത്തിട്ട എസ്ഐ മനുരാജിനെ സ്ഥലം മാറ്റി. ത്രിശൂരിലേക്കാണ് എസ്ഐയെ മാറ്റിയത്. അന്വേഷണം പുരോഗമിക്കുന്നതിനിടയില്‍ എസ്ഐയെ സ്ഥലം മാറ്റിയതില്‍ ഗൂഡാലോചനയുണ്ടെന്ന് ആരോപിച്ച് സിപിഎം പ്രവര്‍ത്തകര്‍ പ്രക്ഷോഭം നടത്തി. കേസിലെ പ്രതികളെ രക്ഷപ്പെടുത്താന്‍ കോണ്‍ഗ്രസിന്റെ അറിവോടെ പ്രവര്‍ത്തനം നടക്കുന്നുണ്ടെന്നും അതിന്റെ ഭാഗമായാണ് എസ്ഐ സ്ഥലം മാറ്റിയതെന്നും സിപിഎം ആരോപിച്ചു.

സംഭവത്തില്‍ പിതാവിനെയും സുഹൃത്തിനെയും പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. കൊല്ലപ്പെട്ട ആതിരയുടെ പിതാവ് പ്രസന്നകുമാറിനെയും ഇയാളുടെ സുഹൃത്ത് വിക്രമനെയുമാണ് പത്തനംതിട്ട പൊലീസ് കസ്റ്റഡിയിലെടുത്തത്. സംഭവത്തില്‍ ആതിരയുടെ പിതൃസഹോദരന്‍ മരുമകന്‍ മിതേഷും കഴിഞ്ഞ ദിവസം അറസ്റ്റിലായിരുന്നു. ഇവരെ പൊലീസ് ഫസ്റ്റ് ക്ളാസ് മജിസ്ട്രേട്ടിനു മുന്‍പില്‍ ഹാജരാക്കി. സംഭവവുമായി ബന്ധപ്പെട്ട് ഡിസിസി ഓഫീസ് സെക്രട്ടറി കൂടിയായ വല്‍സലനെ നേരത്തേ പിടികൂടിയിരുന്നു. ഈ കാരണത്താലാണ് എസ്ഐയെ അടിയന്തരമായി സ്ഥലം മാറ്റിയതെന്ന് സിപിഎം ആരോപിക്കുന്നത്.

കഴിഞ്ഞ ദിവസമാണ് ആതിര ആഭിചാരക്രിയയ്ക്കിടയില്‍ കൊല്ലപ്പെട്ടത്. ആഭിചാരക്രിയയുടെ ഭാഗമായി കര്‍പ്പൂരവും സാമ്പ്രാണിയും കത്തിച്ചു നടത്തിയ പൂജയ്ക്കിടെയാണ് ആതിരയ്ക്കു പൊള്ളലേറ്റതെന്നാണ് നിഗമനം. ഈ പൊള്ളലുകളില്‍ ഉണ്ടായ അണുബാധയാണ് ആതിരയുടെ ജീവനപഹരിച്ചത്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും പിന്തുടരുക.