ഞാനാരോടും മത്സരിക്കണമെന്നാവശ്യപ്പെട്ടിട്ടില്ല, കെട്ടിയിറക്കപ്പെട്ട സ്ഥാനാർഥിയെ വേണ്ടെന്ന് പറഞ്ഞാൽ ഞാൻ മത്സരിക്കില്ല; കൊല്ലം തുളസി

Webdunia
ബുധന്‍, 23 മാര്‍ച്ച് 2016 (19:43 IST)
ഇടിവാളുകൊണ്ടതു പോലെയാണ് തന്നെ മത്സരിപ്പിക്കുന്നുവെന്ന തീരുമാനം താൻ അറിഞ്ഞതെന്ന് നടൻ കൊല്ലം തുളസി അറിയിച്ചു. കുണ്ടറയിൽ ബി ജെ പി സ്ഥാനാർഥിയാകുന്നുവെന്ന വാർത്തക്ക് ശേഷം പ്രതികരിക്കുകയായിരുന്നു കൊല്ലം തുളസി. രാഷ്ട്രീയത്തിൽ കഴിവു തെളിയിച്ചവർക്കെതിരെ മത്സരിക്കുന്ന താൻ ജയിക്കുമെന്ന പ്രതീക്ഷയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജയിച്ചാൽ തന്നെ ഭരിക്കുന്നത് മറ്റ് പാർട്ടിയായതിനാൽ കാര്യമായി എന്തെങ്കിലും ചെയ്യാൻ കഴിയുമെന്ന് തോന്നുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
 
എന്നെ മത്സരിപ്പിക്കുവാനുള്ള പാർട്ടിയുടെ തീരുമാനം ശരിയാണോ എന്ന് അറിയില്ലെന്നും താൻ ഒരിക്കലും സ്ഥാനമാനങ്ങ‌ൾ ആഗ്രഹിച്ചിട്ടില്ലെന്നും അതിനാൽ വലിയ വലിയ വാഗ്ദാനങ്ങ‌ൾ ഒന്നും എനിക്ക് നൽകാൻ കഴിയില്ലെന്നും അദ്ദേഹം അറിയിച്ചു. എനിക്ക് മത്സരിക്കണമെന്ന് ഞാൻ ആരോടും ആവശ്യപ്പെട്ടിട്ടില്ലെന്നും മത്സരിപ്പിക്കുന്നതിനോടനുബന്ധിച്ച ഔദ്യോഗിക റിപ്പോർട്ടുകൾ ഒന്നും തന്ന് ഇതുവരെ വന്നിട്ടില്ലെന്നും താരം പറഞ്ഞു. 
 
താൻ മത്സരിക്കുന്നതുമായി ബന്ധപ്പെട്ട് എതിർപ്പുകൾ ഉണ്ടായാൽ, കെട്ടിയിറക്കപ്പെട്ട നേതാവിനെ ജനങ്ങ‌ൾക്ക് വേണ്ട എന്ന് ആരെങ്കിലും പറയാനിടയായാൽ താൻ മത്സരിക്കില്ലെന്നും അദ്ദേഹം അറിയിച്ചു. രാഷ്ട്രീയ പാർട്ടികൾ ഒന്നിനേയും സ്വീകരിക്കില്ലെന്നും എന്തിനേയും എതിപ്പോടേ മാത്രമാണ് ഇവർ സമീപിക്കുന്നതെന്നും അതിനാൽ രാഷ്ട്രീയത്തിലേക്കിറങ്ങ‌ണമെന്ന് താൻ ഒരിക്കലും ആഗ്രഹിച്ചിട്ടില്ലെന്നും കൊല്ലം തുളസി അറിയിച്ചു.
 
കടപ്പാട്: മനോരമ ഓൺലൈൻ